ബ്രിസ്ബെയിൻ: ഓസ്ട്രേലിയയ്ക്ക് എതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്‍റെ അവസാന ദിനം ഓരോ പന്തിലും ജയപരാജയങ്ങൾ മാറി മറിയുന്നു. അഞ്ചാം ദിനം 328 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 275 റൺസെടുത്തിട്ടുണ്ട്.
കളി അവസാനിക്കാൻ 11 ഓവർ കൂടി ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ 53 റൺസ് കൂടി വേണം. ഇന്ന് രാവിലെ വിക്കറ്റ് നഷ്ടമാകാതെ നാല് റൺസ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റ് അതിവേഗം നഷ്ടമായി. രോഹിത് ഏഴ് റൺസ് മാത്രമാണെടുത്തത്.
എന്നാല്‍ പിന്നീട് ശുഭ്‌മാൻ ഗില്ലും ചേതേശ്വർ പുജാരയും ചേർന്ന് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. അതിനിടെ 91 റൺസെടുത്ത് ഗില്‍ സെഞ്ച്വറിക്ക് 9 റൺസ് മാത്രം അകലെ പുറത്തായത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. പിന്നീട് എത്തിയ നായകൻ അജിങ്ക്യ രഹാനെ 22 പന്തില്‍ 24 റൺസെടുത്ത് പുറത്തായി. പക്ഷേ പുജാര വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റിട്ടും പുജാര ഇന്ത്യൻ മധ്യനിരയെ പിടിച്ചു നിർത്തുകയായിരുന്നു.
റിഷഭ് പന്തിനെ കൂട്ടുപിടിച്ച് പുജാര അർധ സെഞ്ച്വറി തികച്ചു. പക്ഷേ 211 പന്തില്‍ 56 റൺസെടുത്ത് പുജാര പുറത്തായത് ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. പക്ഷേ പന്ത് ആക്രമിച്ച് കളിച്ച് അർധ സെഞ്ച്വറി നേടി. അതോടൊപ്പം പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 1000 റൺസും തികച്ചു.
അർധ സെഞ്ച്വറി നേടി റിഷഭ് പന്ത്
അതിനിടെ മായങ്ക് അഗർവാൾ വെറും ഒൻപത് റൺസിന് പുറത്തായത് ഇന്ത്യയെ വീണ്ടും ആശങ്കയിലാക്കി. ഒടുവില്‍ വിവരം കിട്ടുമ്പോൾ റിഷഭ് പന്തും വാഷിങ്ടൺ സുന്ദറുമാണ് ക്രീസിലുള്ളത്.