മൈസൂരു: സുഗന്ധ ലേപന വിപണിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി (Ambergris) വിൽപന നടത്താൻ ശ്രമിക്കവെ രണ്ട് നാവികർ ഉൾപ്പടെ മൂന്ന് മലയാളികളെ മൈസൂരു എച്ച്‌ഡി കോട്ടെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതികളിൽ നിന്ന് 25 കോടി വിലമതിക്കുന്ന ആംബർഗ്രിസ് പിടികൂടിയിട്ടുണ്ട്. നേരത്തെ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ആംബർഗ്രിസ് വിദഗ്‌ധ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം ഇന്നലെയാണ് കോടതിയിൽ ഹാജരാക്കിയത്.
കൊച്ചിയിൽ നിന്നും മൈസൂരുവിലെത്തിച്ച ആംബർഗ്രിസ് എച്ച്ഡി കോട്ടെ ഹാൻഡ് പോസ്റ്റിന് സമീപം വിൽക്കാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. ഇതുസംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എച്ച്ഡി കോട് പൊലീസും ജില്ല സി ഇ എൻ പൊലീസും സംയുക്തമായി പൊലീസ് സൂപ്രണ്ട് സീമ ലട്‌കറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായവരിൽ രണ്ട് പേർ കേരളം ആസ്ഥാനമായുള്ള നാവികരാണ്. ഇവരിൽ നിന്ന് ഒരു കാറും പിടിച്ചെടുത്തിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള ഈ മൂന്ന് പ്രതികൾ വിൽക്കാൻ ശ്രമിച്ചത് ആംബർഗ്രിസ് ആണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് പൊലീസിനോട് പറഞ്ഞു. ഇതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശ വിപണികളിൽ ആംബർഗ്രീസിന് ഉയർന്ന ഡിമാൻഡും വിലയും ഉണ്ട്.
എച്ച്‌ഡി കോട്ടെ പൊലീസ് പിടികൂടിയ ഈ ആംബർഗ്രീസിന് 25 കോടി രൂപ വിലമതിക്കും. അറസ്റ്റിലായ മൂന്ന് പേർക്കെതിരെ എച്ച്‌ഡി കോട്ട പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ജില്ല പൊലീസ് സൂപ്രണ്ട് സീമ ലട്‌കർ അറിയിച്ചു.