ന്യൂഡൽഹി:ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പ്രസിഡന്‍റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ (AIMIM chief Asaduddin Owais) ഡൽഹിയിലെ ഔദ്യോഗിക വസതിയുടെ ജനൽ ചില്ലുകൾ തകർന്ന നിലയിൽ. ഞായറാഴ്‌ച ആയിരുന്നു സംഭവം. വസതിയുടെ കെയർ ടേക്കറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. എഐഎംഐഎം നേതാവിന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഭാഗമായാണോ ജനൽ ചില്ലുകൾ തകർന്നതെന്ന് വ്യക്തമല്ല.
ജനൽ ചില്ലുകൾ ആരെങ്കിലും തകർത്തതാണോ അതോ നേരത്തെ തന്നെ പൊട്ടിയതാണോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്‌ചയാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതെന്നും കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെ അശോക റോഡിലെ 34ൽ സ്ഥിതി ചെയ്യുന്ന അസദുദ്ദീൻ ഒവൈസിയുടെ സർക്കാർ ബംഗ്ലാവിലെ കെയർടേക്കർ ആണ് ബംഗ്ലാവിന്‍റെ ചില്ലുകൾ ആരോ തകർത്തതായി പരാതിപ്പെട്ടത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അതേസമയം സംഭവത്തിന് പിന്നാലെ ആക്രമണത്തിന് ഉള്ള സാധ്യത കണക്കിലെടുത്ത് അസദുദ്ദീൻ ഒവൈസിയുടെ ഡെൽഹി വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. 'ഒരു വശത്ത് മുസ്‌ലിങ്ങളുടെ വീടുകൾക്ക് നേരെ ബുൾഡോസർ ഓടിക്കുന്നു. മറുവശത്ത്, ഒരു എംപിയുടെ വീടിന് നേരെ കല്ലെറിയുകയാണ്'- ഒവൈസി പറഞ്ഞു.