പ്രയാഗ്‌രാജ് :ഗുണ്ടാത്തലവനും രാഷ്‌ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദ് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് മരിച്ചത്. ഉമേഷ് പാല്‍ വധക്കേസിന്‍റെ തുടര്‍നടപടികള്‍ക്ക് വേണ്ടിയായിരുന്നു ഗുജറാത്തില്‍ നിന്ന് അതിഖിനെ യുപിയിലേക്ക് എത്തിച്ചത്. ഇങ്ങോട്ടുള്ള യാത്രയ്‌ക്ക് മുന്‍പായി മാധ്യമങ്ങളെ കണ്ടപ്പോള്‍ താനും കൊല്ലപ്പെട്ടേക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇന്നലെയുണ്ടായ വെടിവയ്പ്പില്‍ അതിഖിന്‍റെ സഹോദരന്‍ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ടിരുന്നു. ഉമേഷ് പാല്‍ വധക്കേസിന്‍റെ തുടര്‍നടപടികള്‍ക്കായി എത്തിച്ച അതിഖിനെയും അഷ്‌റഫിനെയും വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോകും വഴിയാണ് പൊലീസ് വലയം ഭേദിച്ചെത്തിയ അക്രമികള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഈ സമയം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
നേരത്തെ കൊല്ലപ്പെട്ട മകന്‍ അസദിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അതിഖിന് കഴിഞ്ഞിരുന്നില്ല. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അതിഖിനോട് ചോദിച്ചിരുന്നു. ഇതിനുള്ള മറുപടി പറഞ്ഞുകൊണ്ടിരിക്കവെയായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്.
Also Read:'ഗുണ്ട സംഘങ്ങള്‍ക്കൊപ്പം ക്രമസമാധാനവും കൊലചെയ്യപ്പെട്ടു'; യുപി സർക്കാരിന് പ്രതിപക്ഷ വിമർശനം
മകൻ അസദിന്‍റെ സംസ്‌കാര ചടങ്ങിന് കൊണ്ടുപോകാത്തതിൽ എന്താണ് പറയാനുള്ളതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയുടെ മാധ്യമ പ്രവര്‍ത്തകനാണ് അതിഖിനോട് ചോദിച്ചത്. അവര്‍ ഞങ്ങളെ കൊണ്ട് പോയില്ല, അതുകൊണ്ട് പോകാനായില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അതിഖിന് വെടിയേല്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കൊലപാതകം ഇങ്ങനെ :ഇന്നലെ രാത്രി പത്തരയോടെയാണ് അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും അക്രമിസംഘം നടുറോഡിൽ വച്ച് കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. മാധ്യമ പ്രവർത്തകർ എന്ന വ്യാജേന എത്തിയ അക്രമികൾ തൊട്ടടുത്ത് നിന്ന് ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.
അതിഖ് അഹമ്മദിന്‍റെ മകൻ അസദ് അഹമ്മദിനെയും കൂട്ടാളിയെയും കഴിഞ്ഞ ദിവസം ഝാൻസിയിൽ വച്ച് യുപി എസ്‌ടിഎഫ് സംഘം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിഖിനെയും അഷ്‌റഫിനെയും അക്രമി സംഘം വെടിവച്ച് കൊന്നത്. തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ട് അതിഖ് അഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ സംരക്ഷണം നൽകാൻ സുപ്രീം കോടതി വിസമ്മതിക്കുകയും സർക്കാരും പൊലീസും ചേര്‍ന്ന് അത് നല്‍കുമെന്ന് അറിയിക്കുകയുമായിരുന്നു. കൂടുതൽ ആവശ്യങ്ങൾക്കായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചു. സുപ്രീം കോടതി വിധി വന്ന് രണ്ടാഴ്‌ചയ്ക്കുള്ളിലാണ് അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഇന്നലെ രാത്രിയോടെ തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
Also Read:കൊന്ന് തള്ളാൻ മടിയില്ലാത്ത മാഫിയ തലവൻ, വിജയം മാത്രം കൊയ്‌ത രാഷ്‌ട്രീയക്കാരൻ, ഉമേഷ് പാല്‍ വധത്തോടെ അടിപതറി; അതിഖിന്‍റെ കഥ ഇങ്ങനെ
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും ജാഗ്രത പാലിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു യോഗം ചേർന്നത്. യോഗത്തിൽ യുപി ആഭ്യന്തര സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി ആർകെ വിശ്വകർമ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സംഭവത്തിൽ യോഗി സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നെന്ന് പ്രതിപക്ഷം ആരോപിച്ചു.