ന്യൂഡല്‍ഹി : അണ്ടര്‍ 20 ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രശംസ.
ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം അത്‌ലറ്റിക്‌സില്‍ വരാനിരിക്കുന്ന നാളുകളുടെ മഹത്തായ അടയാളമാണ്. കഠിനാധ്വാനികളായ താരങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുന്നു. അത്‍ലറ്റിക്‌സിന് ഇന്ത്യയില്‍ പ്രീതി വര്‍ധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയാണ് ഇന്ത്യന്‍ സംഘം ഇക്കുറി നെയ്‌റോബിയില്‍ നിന്നും മടങ്ങുന്നത്. രണ്ട് വെള്ളിയും ഒരു വെങ്കലവുമുള്‍പ്പെടെ മൂന്ന് മെഡലുകളാണ് ഇന്ത്യയുടെ നേട്ടം.
വനിതകളുടെ ലോങ് ജമ്പില്‍ ഷൈലി സിങ്ങും, പുരുഷന്മാരുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ അമിത് ഖാത്രിയും വെള്ളി നേടിയപ്പോള്‍ മിക്‌സഡ് റിലേ ടീം ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ സ്വന്തമാക്കി. ഭരത് എസ്, സുമി, പ്രിയ മോഹൻ, കപിൽ എന്നിവർ അടങ്ങിയ ടീമാണ് റിലേയില്‍ മെഡല്‍ നേടിയത്.
also read: 'ഷൈലിയുടെ നേട്ടം ഇന്ത്യയ്‌ക്ക് നല്ല വാര്‍ത്ത'; അഭിനന്ദനവുമായി അനുരാഗ് താക്കൂര്‍
എന്നാല്‍ ഇതേവരെ അണ്ടര്‍ 20 ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വീതം സ്വര്‍ണവും വെങ്കലവുമുള്‍പ്പെടെ നാല് മെഡലുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായിരുന്നത്.
ഡിസ്കസ് ത്രോയില്‍ സീമ ആന്‍റിൽ (2002), നവജീത് കൗർ ദില്ലോൺ (2014) എന്നിവര്‍ വെങ്കലം നേടിയപ്പോള്‍, ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയും (2016), 400 മീറ്ററില്‍ ഹിമ ദാസുമാണ് (2018) സ്വർണം നേടിയത്.