മുംബൈ:ബോളിവുഡ് താരം അതിയ ഷെട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കാമുകനും ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്‌റ്റനുമായ കെഎൽ രാഹുൽ. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അതിയക്കൊപ്പമുള്ള മൂന്ന് ഫോട്ടോകൾ ഉൾപ്പെടുത്തി രാഹുൽ കാമുകിക്ക് ജന്മദിന സന്ദേശം പോസ്റ്റ് ചെയ്‌തത്.
ജോക്കറിന്‍റെ ഇമോജിയോടൊപ്പമാണ് രാഹുൽ ജന്മദിനാശംസ നേർന്നത്. 'എന്‍റെ 🤡ന് ജന്മദിനാശംസകൾ'. 'നിങ്ങൾ എല്ലാം മികച്ചതാക്കുന്നു ❤️'. രാഹുൽ കുറിച്ചു. ഇൻസ്റ്റഗ്രാമിൽ രാഹുലിന്‍റെ ജന്മദിന പോസ്റ്റിന് മറുപടിയുമായി അതിയയും എത്തി. 'ഐ ലവ് യു' എന്നാണ് അതിയ രാഹുലിന്‍റെ പോസ്റ്റിന് താഴെ കുറിച്ചത്.
പ്രശസ്‌ത ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് അതിയ. കെഎൽ രാഹുലും അതിയയും വളരെക്കാലമായി ഡേറ്റിങ്ങിലാണ്. ആതിയയുടെ സഹോദരന്‍ അഹാന്‍ ഷെട്ടിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം തഡപ്പിന്‍റെ സ്‌ക്രീനിങ് സമയത്താണ് ആദ്യമായി ഇരുവരും ഒരുമിച്ച് ആളുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ആരാധകരെ അറിയിക്കുകയായിരുന്നു.
ഇന്ത്യൻ ടീമിന്‍റെ ചില വിദേശ പര്യടനങ്ങളിൽ അതിയയും രാഹുലിനൊപ്പം എത്തിയിരുന്നു. അതേസമയം 2023ൽ ഇരുവരും വിവാഹിതരാകും എന്നാണ് റിപ്പോർട്ട്. ജനുവരിയിൽ മഹാരാഷ്‌ട്രയിൽ വച്ചാകും വിവാഹം എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.