ഗുവാഹത്തി: കനത്ത മഴയില്‍ ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനെ തുടർന്ന് അസമില്‍ കനത്ത വെള്ളപ്പൊക്കം. അസമിലെ 34 ജില്ലകളില്‍ 22 ജില്ലകളും വെള്ളത്തിനടിയിലാണ്. 647,606 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അസം ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഇതുവരെ അഞ്ച് പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. മജൗലി, ബർപേറ്റ ജില്ലകൾ പൂർണമായും വെള്ളത്തിനടിയിലാണ്.
22 ജില്ലകളിലെ 57 റവന്യു ഡിവിഷനുകളിലെ ജനങ്ങൾ വെള്ളപ്പൊക്കത്തിന്‍റെ കെടുതികൾ അനുഭവിക്കുകയാണ്. 1295 വില്ലേജുകൾ പൂർണമായും ദുരിതത്തിലാണ്. നല്‍ബാരി, മോറിഗോൺ, ജില്ലകളില്‍ രക്ഷാ പ്രവർത്തനം തുടരുകയാണ്. 85 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്.