കച്ച്(ഗുജറാത്ത്):ഏഷ്യയിലെ ആദ്യത്തെ ഡിയോഡറൈസ്‌ഡ് ഒട്ടകപ്പാൽ സംസ്‌കരണ പ്ലാന്‍റ് ഗുജറാത്തിലെ കച്ചിലെ ചന്ദ്രാനി ഗ്രാമത്തിൽ പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ പ്രമുഖ ക്ഷീരോല്‍പ്പാദന സഹകരണ സംഘമായ അമൂലാണ് പ്ലാന്‍റ് തുടങ്ങിയിരിക്കുന്നത്. കച്ചില്‍ ഒട്ടകങ്ങളെ വളര്‍ത്തുന്നവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് സംസ്‌കരണ പ്ലാന്‍റ് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
അരോചകമായ മണം ഒഴിവാക്കുന്ന പ്രക്രിയയാണ് ഡിയോഡറൈസ്‌ഡ് എന്ന് പറയുന്നത്. 180 കോടി രൂപ ചെലവില്‍ നിർമിച്ചിരിക്കുന്ന പ്ലാന്‍റില്‍ പാക്കേജിങ്ങും നടക്കുന്നു. 200 മുതൽ 300 വരെ കുടുംബങ്ങൾക്ക് ഈ പ്ലാന്‍റ് ഉപജീവനമാര്‍ഗം ഒരുക്കുന്നതായാണ് റിപ്പോർട്ട്.
കൂടുതല്‍ പേര്‍ ഒട്ടക വളര്‍ത്തലിലേക്ക്: കച്ചിലെ അഞ്ച് ക്ഷീര സൊസൈറ്റികളില്‍ ശേഖരിക്കുന്ന ഒട്ടകപ്പാലാണ് ഇവിടെ സംസ്‌കരിക്കുന്നത്. ദിവസവും 3,500 മുതൽ 41,00 ലിറ്റർ വരെ ഈ പ്ലാന്‍റില്‍ സംസ്‌കരിക്കുന്നു. ഒട്ടകത്തില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതോടു കൂടി ഒട്ടകങ്ങളുടെ വിലയും കച്ചില്‍ വര്‍ധിച്ചിരിക്കുകയാണ്.
ഒട്ടകത്തിന്‍റെ വില നേരത്തെ ശരാശരി 10,000 രൂപയായിരുന്നത് ഇപ്പോള്‍ 35,000 മുതല്‍ 40,000 രൂപവരെയായി വര്‍ധിച്ചു. കച്ചിലെ യുവാക്കള്‍ വരുമാന മാര്‍ഗം എന്ന നിലയ്‌ക്ക് ഒട്ടകങ്ങളെ കൂടുതലായി വാങ്ങാന്‍ തയ്യാറാവുകയാണ്.
ഒട്ടകപ്പാലിന്‍റെ ആരോഗ്യ ഗുണങ്ങള്‍: ധാതു സമ്പന്നമായ ഒട്ടകപ്പാല്‍ ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആയുര്‍വേദം പറയുന്നത് ഒട്ടകപ്പാലിന് പല ഔഷധഗുണങ്ങളുമുണ്ട് എന്നാണ്. ഒട്ടകപ്പാലില്‍ ഇന്‍സുലിന് സമാനമായ പ്രോട്ടീനുണ്ട്.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെപ്രമേഹ രോഗികള്‍ക്ക് ഒട്ടകപ്പാല്‍ നല്ലതാണ്. ഐസ് ക്രീം, ചോക്ലേറ്റ് എന്നിവ തയ്യാറാക്കാനും ഒട്ടകപ്പാല്‍ ഉപയോഗിക്കുന്നു.
കച്ച് ഇന്ത്യയിലെ പ്രധാന ഒട്ടക വളര്‍ത്തല്‍ കേന്ദ്രം:മനുഷ്യരേക്കാള്‍ കൂടുതല്‍ വളര്‍ത്തുമൃഗങ്ങള്‍ ഉള്ള ജില്ലയാണ് കച്ച്. കച്ചില്‍ 20 ലക്ഷത്തോളം വളര്‍ത്തുമൃഗങ്ങളുണ്ട്. അതില്‍ 13,000ത്തിലധികം ഒട്ടകങ്ങളാണ്. വരുമാനത്തിന് വേണ്ടിയല്ല പലരും ഒരു വിനോദം എന്ന നിലയ്‌ക്കാണ് ഒട്ടകത്തെ വളര്‍ത്തുന്നത്.
ഒട്ടകപ്പാലിന് വിപണി വര്‍ധിച്ചതോടെ പലരും ഒട്ടകങ്ങളെ വരുമാനം മാര്‍ഗം എന്ന നിലയില്‍ വളര്‍ത്താന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ഗുജറാത്തില്‍ രണ്ട് തരം ഒട്ടകങ്ങളാണ് പ്രധാനമായും ഉള്ളത്. കച്ച്, ഖരായി എന്നീ പേരുകളിലുള്ള ഒട്ടകങ്ങളാണ് ഇവ.
1,600 ഓളം ഖരായ് ഒട്ടകങ്ങളാണ് കച്ചില്‍ ഉള്ളത് എന്നാണ് കണക്കാക്കുന്നത്. ഫക്കീരാനി ജാട്ട് സമുദായത്തില്‍പ്പെട്ടവരാണ് ഖരായി ഒട്ടകങ്ങളെ പ്രധാനമായും വളര്‍ത്തുന്നത്. നീന്താന്‍ കഴിയുന്ന ലോകത്തിലെ ഏക ഒട്ടകമാണ് ഖരായി ഒട്ടകം. എന്നാല്‍ ഇവ വംശനാശ ഭീഷണിയിലാണ്.