ഇന്‍ഡോര്‍:പുതിയ പാർലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിച്ച അശോകസ്‌തംഭത്തിന്‍റെ രൂപകല്‍പനയില്‍ കേന്ദ്രസർക്കാർ കൃത്രിമം കാണിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ദിനനാഥ് ഭാർഗവയുടെ കുടുംബം രംഗത്ത്. ഇന്ത്യയുടെ യഥാർഥ ദേശീയ ചിഹ്നം രൂപകല്‍പന ചെയ്‌ത സംഘത്തിലെ സഹ കലാകാരനായിരുന്നു ദിനനാഥ് ഭാർഗവ. യഥാർഥ അശോകസ്‌തംഭത്തിലെ സിംഹങ്ങള്‍ സമാധാനപ്രേമികളാണെന്നും പുതിയ സ്‌തംഭത്തിലെ സിംഹങ്ങളെ രൂക്ഷമായ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ഭാര്യ പ്രഭ ഭാർഗവ ഇടിവി ഭാരതിനോട് പറഞ്ഞു.
'അന്ന് സമാധാനപരമായ സമയമായിരുന്നു. ഇന്നത്തെ പോലെ എല്ലാവരും മറ്റുള്ളവരെ വലിച്ചുതാഴെയിടുന്ന തിരക്കിലായിരുന്നില്ല അന്ന്. ആരുണ്ടാക്കിയാലും ഉണ്ടാക്കിയതാണ്. ഭരണഘടനയുടെ ആദ്യ പേജില്‍ സിംഹങ്ങളെ സമാധാനം പ്രതിഫലിപ്പിക്കുന്ന തരത്തിൽ പെയിന്‍റ് ചെയ്യണം എന്ന് അക്കാലത്ത് ഭാർഗവ സാഹബ് ആഗ്രഹിച്ചിരുന്നു.
പുതിയ സ്‌തംഭത്തില്‍ സിംഹങ്ങളെ ഉഗ്രരൂപികളായിട്ടാണ് കാണിച്ചിരിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. ഞാന്‍ അത് കണ്ടിട്ടില്ല. എങ്കിലും അവർക്ക് ഇത് മികച്ചതാക്കാമായിരുന്നുവെന്ന് ഞാൻ കരുതുന്നു' - പ്രഭ ഇടിവി ഭാരതിനോട് പറഞ്ഞു.
അശോക സ്‌തംഭത്തിന്‍റെ ദൗത്യം നിറവേറ്റുന്നതിനായി, ദിനനാഥ് ഭാർഗവ സിംഹങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കാൻ മൂന്ന് മാസത്തോളം കൊൽക്കത്തയിലെ ഒരു മൃഗശാല സന്ദർശിച്ചിരുന്നു. ശാന്തരായി നില്‍ക്കുന്ന സിംഹങ്ങള്‍ക്ക് പകരം പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ദേശീയ ചിഹ്നത്തില്‍ സിംഹങ്ങളെ ആക്രമണാത്മായ മുഖഭാവത്തോടെ രൂപകല്‍പന ചെയ്‌തതില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രധാനമന്ത്രി മോദിയുടെ മേൽനോട്ടത്തിലാണ് പുതിയ അശോകസ്‌തംഭം തയാറാക്കിയത്. വളരെ കുറച്ച് മാറ്റങ്ങൾ മാത്രമാണ് വരുത്തിയതെന്നും ഇത് യഥാർഥ സൃഷ്‌ടിയുമായി 99 ശതമാനം സാമ്യമുള്ളതാണെന്നുമാണ് പുതിയ സ്‌തംഭത്തിന്‍റെ ആർക്കിടെക്റ്റ്, സുനിൽ ഡിയോർ അവകാശപ്പെടുന്നത്. ഇന്ത്യൻ ഭരണഘടനയുടെ കൈയെഴുത്തുപ്രതിയെ അലങ്കരിക്കുന്ന ദേശീയ ചിഹ്നം രൂപകൽപ്പന ചെയ്‌ത സംഘത്തിന്‍റെ ഭാഗമായിരുന്നു അന്തരിച്ച ദിനനാഥ് ഭാർഗവ.