ജയ്‌പൂർ: കോട്ടയിൽ (Kota) വർധിച്ചുവരുന്ന വിദ്യാർഥികളുടെ ആത്മഹത്യ കേസുകളിൽ ആശങ്ക പ്രകടിപ്പിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് (Rajasthan Chief Minister Ashok Gehlot). വിദ്യാർഥികളുടെ ആത്മഹത്യകളെ കുറിച്ച് ചർച്ച ചെയ്യാനും നിർദേശങ്ങൾ നൽകാനുമായി ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. ചീഫ് സെക്രട്ടറി ഉഷ ശർമ (Chief Secretary Usha Sharma) ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള പ്രതിനിധികൾ, രക്ഷിതാക്കൾ, ഡോക്‌ടർമാർ എന്നിവരും യോഗത്തിൽ പങ്കാളികളായി.
വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിറ്റിയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. ഐഐടി (IIT), നീറ്റ് (NEET) പരീക്ഷാർഥികൾക്കിടയിലെ ആത്മഹത്യ കേസുകളെക്കുറിച്ചുള്ള അവലോകന യോഗത്തിൽ സംസാരിച്ചു. ഈ വർഷം ഇതുവരെ കോട്ടയിൽ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 20 വിദ്യാർഥികളാണ് ആത്മഹത്യ (suicide) ചെയ്‌തത്. കഴിഞ്ഞ വർഷം 15 പേരായിരുന്നു ആത്മഹത്യ ചെയ്‌തത്.
വിദ്യാർഥികളുടെ ആത്മഹത്യയിൽ മുഖ്യമന്ത്രി (Rajasthan students suicides):9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പഠനഭാരം ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് (Chief Minister Ashok Gehlot) സംസാരിച്ചത്. ഈ ക്ലാസുകളിലെ വിദ്യാർഥികളെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (Coaching institutes) ചേർക്കുന്നത് അവർക്ക് അധിക ഭാരമാണ് ഉണ്ടാക്കുന്നത്. കാരണം വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷ എഴുതേണ്ടി വരുന്നതിനോടൊപ്പം ഈ കോച്ചിങ് കൂടിയാകുമ്പോൾ അവർ സമ്മർദത്തിലാകും. കോച്ചിങ് സെന്‍ററുകളിലേക്ക് 9, 10 ക്ലാസുകളിലെ വിദ്യാർഥികളെ വിളിക്കുന്നതിലൂടെയും മാതാപിതാക്കൾ അവിടേക്ക് കുട്ടികളെ അയക്കുന്നതിലൂടെയും നിങ്ങളും ഒരുവിധത്തിൽ കുറ്റക്കാരാണെന്നും മുഖ്യമന്ത്രി (Chief Minister) ചൂണ്ടിക്കാട്ടി.