ജയ്‌പൂര്‍: പുതിയ പാർട്ടി അധ്യക്ഷനായി തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പുതിയ കോൺഗ്രസ് അധ്യക്ഷനെ സംബന്ധിച്ച് എഐസിസി മാനദണ്ഡങ്ങൾക്ക് അനുസൃതമായി തീരുമാനമെടുക്കും എന്ന റിപ്പോർട്ടുകൾ വാസ്‌തവ വിരുദ്ധമാണെന്ന് ഗെലോട്ട് ജയ്‌പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബറില്‍ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെയും ഗുജറാത്തിലെ മുഖ്യ നിരീക്ഷകന്‍റെയും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലാണ് തന്‍റെ ശ്രദ്ധയെന്നും ഗെലോട്ട് പറഞ്ഞു.
'എന്നെ ഉത്തരവാദിത്തം ഏല്‍പിച്ചത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. 2023ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്', അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തുന്ന തരത്തിൽ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും ഔദ്യോഗിക തീരുമാനം വരാതെ മാധ്യമങ്ങള്‍ ഊഹാപോഹങ്ങൾ നടത്തേണ്ടതില്ലെന്നും ഗെലോട്ട് വ്യക്തമാക്കി. അടുത്ത കോൺഗ്രസ് അധ്യക്ഷനായി ഗെലോട്ട് അടുത്തിടെ രാഹുൽ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചിരുന്നു.