മുംബൈ: പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാൻ. ബിജെപി ഭരണകാലത്ത് പെട്രോള്‍, ഡീസലിനെക്കാളും വിലക്കുറവാണ് മദ്യത്തിനെന്ന് കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും കൂടിയായ അശോക് ചവാൻ പറഞ്ഞു. ഇന്ധനവില വര്‍ധനവിനെതിരെ ജില്ല കലക്ടർ ഓഫീസിലേക്ക് ചവാന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാർച്ചും നടത്തി.
മുൻപ് കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ധനവില ഒന്നോ രണ്ടോ രൂപ വര്‍ധിച്ചാല്‍ പ്രതിപക്ഷ നേതാക്കള്‍ വലിയ പ്രക്ഷോഭങ്ങള്‍ നടത്തുമായിരുന്നു. എന്നാല്‍ ഇന്നവര്‍ തന്നെയാണ് അധികാരത്തിലിരുന്ന് ഈ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപയും എൽപിജി സിലിണ്ടറിന്‍റെ വില മൂന്നിരട്ടിയും കടന്നുവെന്നും മന്ത്രി പറഞ്ഞു.