അയോധ്യ:ഗുണ്ടാത്തലവന്‍ ആതിഖ് അഹമ്മദിന്‍റെ മകൻ അസദ് അഹമ്മദിനെ ഏറ്റുമുട്ടലിൽ വധിച്ച യുപി എസ്‌ടിഎഫിന് (സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്) 51,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോധ്യയിലെ ഹനുമാൻഗർഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരി രാജു ദാസ്. പ്രയാഗ്‌രാജിലെ പ്രസിദ്ധമായ ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ അസദും കൂട്ടാളി ഗുലാം മുഹമ്മദും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഝാൻസി ജില്ലയിലെ ബബിന മേഖലയിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്.
ഓപറേഷനിൽ പങ്കെടുത്ത എസ്‌ടിഎഫ് സംഘത്തെ അഭിനന്ദിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്ത് വന്നിരുന്നു. ഇതിന് പുറമെ അയോധ്യയിലെ സന്യാസിമാരും തങ്ങളുടെ പ്രതികരണം അറിയിക്കുകയും യുപി എസ്‌ടിഎഫ് ടീമിനെ അഭിനന്ദിക്കുകയും ചെയ്‌തു. യോഗി സർക്കാർ അധികാരത്തിൽ തുടരുമെന്നതിനാൽ ഗുണ്ടാസംഘങ്ങൾ സംസ്ഥാനം വിടാൻ സന്യാസിമാര്‍ പ്രസ്‌താവനയിൽ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി സർക്കാരും ബാബ (യോഗി ആദിത്യനാഥ്) മുഖ്യമന്ത്രിയുമുള്ളിടത്തോളം കാലം ഗുണ്ടാസംഘങ്ങള്‍ ഒന്നുകിൽ സംസ്ഥാനം വിടുകയോ അല്ലെങ്കിൽ അവരുടെ ആശയങ്ങൾ മാറ്റുകയോ ചെയ്യുന്നതാണ് നല്ലതെന്ന് രാജു ദാസ് മുന്നറിയിപ്പ് നല്‍കി. ഉമേഷ് പാൽ വധക്കേസിൽ ഉൾപ്പെട്ട മറ്റ് ക്രിമിനലുകളോടും സമാനമായ രീതിയിൽ ഏറ്റുമുട്ടണമെന്നും ആരെയും ഒഴിവാക്കരുതെന്നുമാണ് സംസ്ഥാന സർക്കാരിന്‍റെയും യുപി എസ്‌ടിഎഫിന്‍റെയും ആവശ്യമെന്നും ദാസ് പറഞ്ഞു.
എൻകൗണ്ടറിൽ കൊല്ലപ്പെട്ടത് മുഖ്യപ്രതി: തടവിലാക്കപ്പെട്ട ഗുണ്ടാ-രാഷ്ട്രീയ പ്രവർത്തകൻ ആതിഖ് അഹമ്മദിന്‍റെ മൂന്നാമത്തെ മകനാണ് അസദ് അഹമ്മദ് (20). അസദ്, സഹായി ഗുലാം മുഹമ്മദ് (40) എന്നിവരെ യുപി പൊലീസിന്‍റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് വ്യാഴാഴ്‌ച ഝാൻസിക്ക് സമീപം ബൈക്കിൽ തടഞ്ഞു നിർത്തിയ ശേഷം വെടിവയ്‌പ്പിൽ കൊലപ്പെടുത്തുകയായിരുന്നു.