ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനത്തോടുള്ള ചൈനയുടെ എതിർപ്പ് തള്ളി ഇന്ത്യ. ആ സംസ്ഥാനം എന്നും ഇന്ത്യയുടെ അഭിവാജ്യമായ ഒരിടമായി തുടരും. ഇത്തരം സന്ദർശനങ്ങളെ എതിർക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും യാഥാർഥ്യത്തെ മാറ്റിത്തീര്‍ക്കില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു.
'ചൈനീസ് ഔദ്യോഗിക വക്താവ് നടത്തിയ അഭിപ്രായങ്ങൾ ഞങ്ങൾ പൂർണമായും തള്ളിക്കളയുന്നു. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേയും പോലെ രാജ്യത്തെ നേതാക്കൾ അരുണാചലിലും യാത്ര ചെയ്യാറുണ്ട്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അഭിവാജ്യമായ ഘടകമായി അന്നും ഇന്നും എന്നും നിലനിൽക്കും. രാജ്യത്തിന്‍റെ നേതാക്കളുടെ സന്ദർശനത്തെ എതിർക്കുന്നത് യുക്തിസഹമല്ല, യാഥാർഥ്യം മാറുകയുമില്ല'- അരിന്ദം ബാഗ്‌ചി വ്യക്തമാക്കി. വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ആ യുഗം അവസാനിച്ചു', മുന്നറിയിപ്പുമായി ഷാ:അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമമായ കിബിത്തൂവിലാണ് ഏപ്രില്‍ 10ന് അമിത് ഷാ സന്ദര്‍ശനം നടത്തിയത്. ചൈനയ്ക്ക് വ്യക്തമായ മറുപടി നല്‍കുന്നതായിരുന്നു ഷായുടെ പ്രസംഗം. ഇന്ത്യയുടെ അഖണ്ഡതയ്‌ക്ക് നേരെ ആർക്കും ദുഷിച്ച കണ്ണോടെ നോക്കാനാവില്ലെന്നും രാജ്യത്തിന്‍റെ ഒരിഞ്ച് ഭൂമി പോലും കയ്യേറാന്‍ ആരും ധൈര്യപ്പെടില്ലെന്നും ഷാ പ്രസംഗത്തില്‍ വ്യക്തമാക്കി.
ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ ആർക്കും കയ്യേറാവുന്ന ആ യുഗം അവസാനിച്ചു. രാജ്യത്തിന്‍റെ സുരക്ഷ വർധിപ്പിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഐടിബിപിയും (ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്) ഇന്ത്യൻ ആർമിയും ഉള്ളതിനാൽ നമ്മുടെ ഭൂമിയുടെ ഒരുതരി പോലും കയ്യേറാൻ ആർക്കും കഴിയില്ലെന്ന് അഭിമാനത്തോടെ പറയാം. അതിർത്തികളിലെ എല്ലാ ജവാന്മാരുടേയും ത്യാഗത്തെ ഞാൻ പ്രശംസിക്കുന്നു. 1962ൽ ഇവിടെ കയ്യേറാൻ വന്നവര്‍ക്കെല്ലാം നമ്മുടെ സൈനികരുടെ രാജ്യസ്നേഹം കാരണം മടങ്ങിപ്പോവേണ്ട അവസ്ഥ വന്നെന്നും ഷാ പ്രസംഗത്തിനിടെ ഓര്‍മിപ്പിച്ചു.