തിരുനെല്‍വേലി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്തിന് ഒടുവില്‍ തമിഴ്‌നാട് വനംവകുപ്പ് പിടികൂടി ഉൾക്കാട്ടില്‍ വിട്ട അരിക്കൊമ്പന്‍റെ ഏറ്റവും പുതിയ വിവരങ്ങളും ദൃശ്യങ്ങളും പുറത്ത്. പ്രകൃതി മനോഹരമായ കളക്കാട് മുണ്ടംതുറൈ കടുവ സങ്കേതത്തിലെ കോതയാർ ഡാം റിസർവോയറില്‍ വെള്ളം കുടിച്ചും പുല്ല് കഴുകി തിന്നും നില്‍ക്കുന്ന അരിക്കൊമ്പന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചത് തമിഴ്‌നാട് വനംവകുപ്പ് - കാലാവസ്ഥ വ്യതിയാന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് ആണ്. ഇവരുടെ ട്വിറ്റർ ഹാൻഡിലില്‍ വനവകുപ്പ് എടുത്ത അരിക്കൊമ്പന്‍റെ ഏറ്റവും പുതിയ വിവരങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
അരിക്കൊമ്പൻ ശാന്തനാണെന്നും അത് എന്നും തുടരട്ടെയെന്ന പ്രതീക്ഷയും സുപ്രിയ സാഹു പങ്കുവെച്ചിട്ടുണ്ട്. കളക്കാട് മുണ്ടംതുറൈ കടുവ സങ്കേതത്തിലെ നിബിഡ വനത്തില്‍ എത്തിച്ചത് മുതല്‍ അരിക്കൊമ്പൻ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് സുപ്രിയ സാഹു ട്വീറ്റ് ചെയ്‌തിട്ടുള്ളത്. നിബിഡ വനത്തിന്‍റെ പശ്‌ചാത്തലത്തില്‍ അരിക്കൊമ്പൻ നില്‍ക്കുന്ന ചിത്രവും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
പത്ത് വാച്ചർമാർ, നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, രണ്ട് ഡെപ്യൂട്ടി ഡയറക്‌ടർമാർ എന്നിവരടങ്ങിയ സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്. റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങളും തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കേരള വനംവകുപ്പുമായി കാര്യങ്ങൾ സംസാരിക്കുന്നുണ്ടെന്നാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. തുമ്പിക്കൈയില്‍ മുറിവുള്ളതിനാലും കമ്പത്ത് നിന്ന് മയക്കുവെടി വെച്ച് പിടികൂടി 24 മണിക്കൂർ ലോറിയില്‍ യാത്ര ചെയ്‌തതിന്‍റെ ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതിനാലും അരിക്കൊമ്പൻ കോതയാർ ഡാം റിസർവോയറില്‍ തന്നെയാണ് ഇപ്പോഴും നിലയുറപ്പിച്ചിരിക്കുന്നത് എന്നാണ് തമിഴ്‌നാട് വനംവകുപ്പ് നല്‍കുന്ന വിവരം. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ മാത്രമാകും അരിക്കൊമ്പന്‍റെ സഞ്ചാര ദിശ അറിയാൻ കഴിയുക എന്നും തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നുണ്ട്.