ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി ആപ്പിള്‍ സിഇഒ ടിം കുക്ക്. ലോകത്തെ രണ്ടാമത്തെ വലിയ സ്‌മാര്‍ട് ഫോണ്‍ വിപണിയില്‍ നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു കുക്കിന്‍റെ സന്ദര്‍ശനം. രാജ്യത്തെ ആദ്യത്തെ ആപ്പിള്‍ റീട്ടെയില്‍ സ്‌റ്റോര്‍ ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു ടിം കുക്ക്.
ഡല്‍ഹിയിലെ രണ്ടാമത്തെ ആപ്പിള്‍ റീടെയില്‍ സ്‌റ്റോര്‍ വ്യാഴാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കും. ചൈനീസ് പ്ലാന്‍റുകളിലെ നിര്‍മാണം വെട്ടിക്കുറച്ച് ആപ്പിള്‍ ഇന്ത്യയില്‍ സജീവമാകാനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനത്തും മുംബൈയിലും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആദ്യ ഔദ്യോഗിക ഔട്ട്‌ലെറ്റുകള്‍ ആപ്പിളിന്‍റെ ഇന്ത്യയെക്കുറിച്ചുള്ള വളര്‍ന്നുവരുന്ന പ്രതീക്ഷകള്‍ ഊട്ടിയുറപ്പിക്കുന്നതാണ്.
മാര്‍ച്ച് മാസത്തിന്‍റെ അവസാനത്തോടെ ഏകദേശം ആറ് ബില്യണ്‍ യുഎസ് ഡോളറിന്‍റെ വില്‍പന റെക്കോര്‍ഡായിരുന്നു ആപ്പിള്‍ സ്വന്തമാക്കിയത്. 'ഉജ്ജ്വലമായ സ്വീകരണം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് നന്ദി. സാങ്കേതിക വിദ്യ രാജ്യത്തെ ഭാവിക്ക് ഉപകാരപ്രദമാവും വിധം സൃഷ്‌ടിക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്‌ചപ്പാട് ഞങ്ങള്‍ പങ്കുവയ്‌ക്കുകയാണ്. രാജ്യമെമ്പാടുമുള്ള നിക്ഷേപത്തിനും വളര്‍ച്ചയ്‌ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന്' ആപ്പിള്‍ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ട്വീറ്റ് ചെയ്‌തു.
2016ലായിരുന്നു കുക്ക് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. രാജ്യത്ത് സാങ്കേതിക വിദ്യ മൊട്ടിടുവാന്‍ ആരംഭിക്കുന്ന കാലത്തായിരുന്നു കുക്കിന്‍റെ ഇന്ത്യ സന്ദര്‍ശനം. 2020ലായിരുന്നു ആപ്പിളിന്‍റെ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.
2021ല്‍ രാജ്യത്ത് നടപ്പാക്കാനിരുന്ന ആപ്പിളിന്‍റെ പദ്ധതികള്‍ക്ക് കൊവിഡ് പ്രതിസന്ധി ഒരു തടസമാവുകയായിരുന്നു. 'ടിം കുക്ക് താങ്കളുമായി കൂടിക്കാഴ്‌ച നടത്തിയതില്‍ തികഞ്ഞ സന്തോഷം, വിവിധ വിഷയത്തിലെ കാഴ്‌ചപ്പാടുകള്‍ പങ്കുവയ്‌ക്കുവാന്‍ സാധിച്ചതിലും രാജ്യത്ത് സാങ്കേതിക വിദ്യയാലുള്ള പരിവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുവാന്‍ സാധിച്ചതിലും അതിയായ സന്തോഷമുണ്ട്'- ആപ്പിള്‍ സിഇഒയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.