മുംബൈ:ജൽനയിൽ മറാത്ത സംവരണത്തിനെതിരായ (Maratha reservation) പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാർജില്‍ (Lathicharge) മാപ്പുപറഞ്ഞ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ (Maharashtra Government). സംഭവിക്കാന്‍ പാടില്ലാത്തതാണ് ജല്‍നയില്‍ (Jalna) നടന്നതെന്ന് സമ്മതിച്ച സര്‍ക്കാര്‍, ജനങ്ങളോട് സമാധാനത്തിനായി അഭ്യര്‍ഥിക്കുകയും ചെയ്‌തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അപലപിച്ച പ്രതിപക്ഷം, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ (Eknath Shinde) രാജി ആവശ്യപ്പെട്ടു.
മാപ്പുപറഞ്ഞ് സര്‍ക്കാര്‍:പൊലീസിന്‍റെ ലാത്തിച്ചാര്‍ജ് ഒട്ടും ശരിയായില്ലെന്നും സര്‍ക്കാരിനുവേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (Devendra Fadnavis) പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മറാത്ത സമരനേതാവ് മനോജ് ജാരങ്കേ പാട്ടീലിനെ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ക്ഷണിച്ചതായും ഫഡ്‌നാവിസ് പറഞ്ഞു. മറാത്ത സംവരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉന്നത തല യോഗം ചേര്‍ന്നതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും അറിയിച്ചു.
ചര്‍ച്ച നടത്തി മുഖ്യമന്ത്രി:പ്രതിഷേധക്കാരുമായി സംസാരിച്ചിട്ടുണ്ട്. ഇത് ചിട്ടയായി തന്നെ ഞങ്ങള്‍ പരിഹരിക്കും. മറാത്ത സംവരണം സംബന്ധിച്ച വിഷയങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ഇതുപ്രകാരം ചൊവ്വാഴ്‌ച (05.09.2023) ഉച്ചക്ക് 12 മണിയോടെ കാബിനറ്റ് സബ് കമ്മിറ്റി യോഗവും നടന്നു. ഇതില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ പങ്കെടുത്തു.