ഹൈദരാബാദ് :നയൻതാര കേന്ദ്ര കഥാപാത്രമായി എത്തിയ 'അന്നപൂരണി'യെന്ന സിനിമയെ സംബന്ധിച്ചുള്ള വിവാദങ്ങൾ ചർച്ചയാക്കി സോഷ്യൽ മീഡിയ. ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വലതു സംഘടനകൾ ചിത്രത്തിനെതിരെ പരാതി നൽകിയിരുന്നു. ഡിസംബർ 1 ന് തിയേറ്ററിൽ റിലീസിനെത്തിയ ചിത്രം ഡിസംബർ 29 ന് നെറ്റ്ഫ്ലിക്‌സിൽ സ്ട്രീം ചെയ്യുകയും പിന്നീട് വിവാദങ്ങൾ കടുത്തതോടെ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്‌തിരുന്നു. ഈ നീക്കത്തെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഒരു വിഭാഗം ഒടിടി സ്ട്രീമിൽ നിന്ന് ചിത്രം നീക്കം ചെയ്‌തത് അംഗീകരിക്കുമ്പോൾ മറ്റൊരു കൂട്ടർ സെൻസർ ചെയ്‌ത സിനിമ നീക്കം ചെയ്യേണ്ടതിന്‍റെ ആവശ്യകതയെ ചോദ്യം ചെയ്യുകയാണ്. "മറ്റൊരു ലജ്ജാകരമായ സെൻസർഷിപ്പ് കേസ്, നെറ്റ്ഫ്ലിസ് അജണ്ടയിൽ കലാസ്വാതന്ത്ര്യം വളരെ ഉയർന്നതല്ലെന്ന് തോന്നുന്നു. ഓ, അത് ഒരിക്കലും ഉണ്ടായിരുന്നില്ല, ചോദിക്കുന്നതിൽ ക്ഷമിക്കണം" എന്നായിരുന്നു ചിത്രം നീക്കം ചെയ്‌തതിനെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഒരു പോസ്റ്റ്.
അന്നപൂരണി നല്ല ഒരു ഫാമിലി എന്‍റർടെയ്‌നർ ആണെന്ന് അഭിനന്ദിക്കുകയും, നയൻതാരയുടെ അഭിനയം മികച്ചതായിരുന്നെന്നും പറഞ്ഞ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് മതപരമായ പരാമർശങ്ങളില്ലാതെ ചിത്രം മെച്ചപ്പെടുത്താമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, മറ്റുചിലർ ചിത്രത്തെ "പ്രചാരണം" എന്ന് വിളിക്കുന്നതിനോടൊപ്പം നയൻതാരയുടെ പങ്കാളിത്തത്തെ കുറിച്ചും സംശയം പ്രകടിപ്പിച്ചു. സിനിമ പ്രവർത്തകരെ കുറ്റപ്പെടുത്തുന്നതിനു പകരം സിനിമ കാണുന്നതിന് മുൻപ് അതിന്‍റെ ഉള്ളടക്കത്തെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നാണ് ചിലരുടെ വാദം. പോസ്റ്റിനു താഴെ, ഇഷ്‌ടപ്പെട്ടില്ല എന്നുകരുതി സിനിമ കാണാതിരുന്നത് എങ്ങനെയെന്ന് ചോദിച്ച് ഒരാൾ കമന്‍റ് ഇടുകയും ചെയ്‌തു.