മുംബൈ: മഹാരാഷ്‌ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരെയുള്ള അഴിമതി കേസില്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ഡെപ്യൂട്ടി കമ്മിഷണര്‍ രാജു ഭുജ്‌പാലിന്‍റെ മൊഴി രേഖപ്പെടുത്തി. കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് മെയ് 11 നാണ് അനില്‍ ദേശ്‌മുഖിനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്‌തത്.
അഴിമതി ആരോപണം
മുന്‍ മുംബൈ പൊലീസ് കമ്മിഷണര്‍ പരംബിര്‍ സിങാണ് അനില്‍ ദേശ്‌മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സസ്‌പെന്‍ഷനിലായ മുംബൈ പൊലീസ് ഓഫിസര്‍ സച്ചിന്‍ വാസെയോട് റസ്റ്റോറന്‍റുകള്‍, പബ്ബുകള്‍, ബാറുകള്‍, പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് എല്ലാ മാസവും നൂറ് കോടി പിരിച്ചെടുക്കാന്‍ ദേശ്‌മുഖ് ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കയച്ച കത്തില്‍ പരംബിര്‍ സിങ് ആരോപിച്ചിരുന്നു.
Read more: അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു
എഫ്ഐആര്‍, രാജി
അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ദേശ്‌മുഖിനെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. പിന്നാലെ ദേശ്‌മുഖിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ സിബിഐ തിരച്ചില്‍ നടത്തി. പരിശോധനയില്‍ വിവിധ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും കണ്ടെടുത്തതായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
പരംബിർ സിങ് ഉന്നയിച്ച ആരോപണങ്ങളിൽ സിബിഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ദേശ്‌മുഖ് മന്ത്രി സ്ഥാനം രാജി വച്ചിരുന്നു. മെയ് 4 ന് എഫ്ഐആര്‍ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശ്‌മുഖ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവച്ചു. സിബിഐ അന്വേഷണത്തില്‍ നിന്ന് ദേശ്‌മുഖിന് ഇടക്കാല സംരക്ഷണം നല്‍കാനും കോടതി വിസമ്മതിച്ചു.
Read more: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവച്ചു
മുകേഷ് അംബാനിയുടെ സൗത്ത് മുംബൈയിലെ വീടിന് മുന്നില്‍ സ്ഫോടക വസ്‌തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിലും താനെ വ്യവസായി മന്‍സുഖ് ഹിരണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടും ക്രൈം ഇന്‍റലിജന്‍സ് യൂണിറ്റില്‍ അസിസ്റ്റന്‍റ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന സച്ചിന്‍ വാസെയെ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്‌തിരുന്നു.