അമരാവതി:കഞ്ചാവിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമായി ആന്ധ്രാപ്രദേശ്. സംസ്ഥാനത്ത് പിടികൂടുന്ന കഞ്ചാവിന്‍റെയും മയക്കുമരുന്നിന്‍റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്‌പെഷ്യൽ എൻഫോഴ്‌സ്മെന്‍റ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്.
ഏകദേശം 633 കിലോ കഞ്ചാവാണ് പ്രതിദിനം സംസ്ഥാനത്ത് പൊലീസ് പിടികൂടുന്നത്. 2,31,174 കിലോ കഞ്ചാവാണ് സ്‌പെഷ്യൽ എൻഫോഴ്‌സ്മെന്‍റ് ബ്യൂറോ ഉദ്യോഗസ്ഥർ ഈ വർഷം മാത്രം പിടികൂടിയത്. അതായത് മാർക്കറ്റിൽ ഏകദേശം 231.17 കോടിയോളം വരുന്ന കഞ്ചാവ്. മാസക്കണകാകട്ടെ, ശരാശരി 19.25 കോടി വരുന്ന കഞ്ചാവാണ് പ്രതിമാസം ആന്ധ്രാപ്രദേശിൽ പിടികൂടുന്നത്.
ഓപ്പറേഷൻ പരിവർത്തനത്തിന്‍റെ ഭാഗമായി ഒക്‌ടോബർ മുതൽ ഡിസംബർ 29 വരെ സംസ്ഥാനത്തെ 299 ഗ്രാമങ്ങളിൽ നിന്നായി 7,375.10 ഏക്കർ കഞ്ചാവ് കൃഷി നശിപ്പിച്ചതായി പുറത്തുവന്ന കണക്കുകൾ പറയുന്നു. അതായത് ഏകദേശം 9,034.49 കോടിയോളം വരുന്ന കഞ്ചാവ് കൃഷിയാണ് മൂന്ന് മാസത്തിനിടയ്‌ക്ക് മാത്രം ആന്ധ്രാപ്രദേശിൽ നശിപ്പിച്ചത്.