അമരാവതി:ആന്ധ്രാപ്രദേശിലെ അന്നമയ്യയില്‍, ക്വട്ടേഷന്‍ തുകയായി രണ്ട് ലക്ഷം നല്‍കി മകനെ കൊലപ്പെടുത്തിയതില്‍ പ്രതികള്‍ പിടയില്‍. അന്നമയ്യ തമ്പല്ലപ്പള്ളി സ്വദേശിയും ചെന്നൈയില്‍ ബിടെക് രണ്ടാം വർഷ വിദ്യാർഥിയുമായ ടാഗോർ നായിക്കിന്‍റെ വധത്തില്‍ പിതാവ് റെഡ്ഡപ്പ നായിക് (40), പ്രതാപ നായിക് (23), ശേഖര്‍ നായിക് (27) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ, ജൂൺ 28 നാണ് ടാഗോർ നായിക്കിനെ കൊല്ലപ്പെടുത്തിയത്. അന്നമയ്യ മദനപ്പള്ളിയിലുണ്ടായ സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആന്ധ്ര പൊലീസ് പുറത്തുവിടുന്നത്. മകന്‍ ദുശീലങ്ങള്‍ക്ക് അടിമയാണെന്നും വീട്ടുകാരെ ശല്യം ചെയ്യാറുണ്ടെന്നും ആരോപിച്ചാണ് പിതാവ് റെഡ്ഡപ്പ നായിക് കൊലപാതകത്തിനായി ആസൂത്രണം ചെയ്‌തത്. റെഡ്ഡപ്പയുടെ ഭാര്യയുടെ സഹോദരനും ഈ കൊല നടത്താന്‍ സഹായങ്ങള്‍ നല്‍കി. തുടര്‍ന്നാണ് കൃത്യം നിര്‍വഹിച്ചത്.
കൊലയ്‌ക്കായി കൊണ്ടുപോയത് അമ്മാവന്‍:യുവാവ് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച് വിറ്റിരുന്നു. ഇത്തരത്തില്‍ ഉണ്ടാക്കുന്ന പണംകൊണ്ട് മദ്യവും കഞ്ചാവും ഉപയോഗിച്ച് നടക്കുകയുണ്ടായി. ഇത് ചോദ്യം ചെയ്‌തപ്പോൾ ഇയാളുടെ അനുജനെയും പിതാവായ റെഡ്ഡപ്പയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചതോടെ മകനെ എങ്ങനെയെങ്കിലും കൊല ചെയ്യാന്‍ ഇയാള്‍ പദ്ധതിയിടുകയുണ്ടായി. അങ്ങനെ, ബെംഗളൂരു വിമാനത്താവളത്തില്‍ സുരക്ഷാജീവനക്കാരനായി ജോലി ചെയ്യുന്ന ഭാര്യാസഹോദരൻ ബി ശേഖർ നായിക്കിനോട് റെഡ്ഡപ്പ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞു.
ക്വട്ടേഷന്‍ നല്‍കിയെങ്കിലും കൊല്ലണമെന്നും അതിനായി താന്‍ രണ്ട് ലക്ഷം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം ഇയാളോട് പറഞ്ഞു. കൊലപാതകത്തിനായി ശേഖർ, സാംബേപല്ലെ മണ്ഡലത്തിലെ പെഡബിഡിക്കി ഗ്രാമത്തിലെ പ്രതാപ് നായിക്കുമായി ഒരു ധാരണയിലെത്തി. തുടര്‍ന്ന്, ഇക്കഴിഞ്ഞ ജൂൺ 28 ന് ഇരുവരും ടാഗോർ നായിക്കിനെ മദനപ്പള്ളിയുടെ ഉള്‍പ്രദേശത്തുള്ള ചേരിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ശേഷം, മൂന്ന് പേരും മദ്യം കഴിച്ചു. ടാഗോർ നായിക്കിന് അമിതമായി മദ്യം നല്‍കി. ശേഷം യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുണ്ടായി.
വഴിത്തിരിവായി പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്: മരണം ഉറപ്പിച്ച ശേഷം മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ചു. ശേഷം, ജൂലൈ രണ്ടിന് ദുർഗന്ധം വമിച്ചതോടെ ആടുമേയ്‌ക്കുന്നവര്‍ സംഭവസ്ഥലത്ത് എത്തുകയും മൃതദേഹം ശ്രദ്ധയില്‍പ്പെടുകയും ചെയ്‌തു. തുടര്‍ന്ന്, പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ദുരൂഹസാഹചര്യം കണക്കിലെടുത്ത് ആ രൂപത്തിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തില്‍ കൊലപാതകം നടന്നതായി തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായതും പ്രതികള്‍ പിടിയിലായതും.