അമരാവതി:ഓക്‌സിജൻ ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി പുതിയ ഓക്‌സിജൻ ഉൽപാദന നയം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി. മെഡിക്കൽ ഓക്‌സിജൻ നിർമാണ നയപ്രകാരം നിലവിലുള്ള 360 മെട്രിക് ടൺ (എംടി) ശേഷിയിൽ നിന്ന് 700 മെട്രിക് ടണ്ണായി ഓക്‌സിജൻ ഉൽപാദന ശേഷി വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി ആകെ 50 പ്രഷർ സ്വിങ് അഡോർപ്ഷൻ (പിഎസ്എ) ഓക്‌സിജൻ പ്ലാന്‍റുകൾ സജ്ജീകരിക്കുമെന്നും ഒദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സോണിങ് രീതിശാസ്ത്രത്തിലൂടെ സംസ്ഥാനത്തുടനീളം ഉൽപാദനം വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പിഎസ്‌എ, ലിക്വിഡ് ഓക്‌സിജൻ, ഹീലിയം മിക്‌സഡ് ഓക്‌സിജൻ (ഹെലിയോക്‌സ്) തുടങ്ങിയ എല്ലാ സാങ്കേതികവിദ്യകളെയും പിന്തുണച്ചായിരിക്കും ഉൽപാദനം. ഓക്‌സിജൻ ഉൽപാദന ശേഷി വേഗത്തിൽ വർധിപ്പിക്കുന്നതിന് മുന്നേയുള്ള പിഎസ്‌എ യൂണിറ്റുകളെ പുനരുജ്ജീവിപ്പിക്കുകയാണ് നയം ലക്ഷ്യമിടുന്നത്. ഒരു വർഷത്തെ കാലാവധിയിൽ പുതിയ നയം 2021 ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വരും.