മുംബൈ: ആക്രി സാധനങ്ങളും ഇരു ചക്ര വാഹനത്തിൽ നിന്നുള്ള വസ്‌തുക്കളും ഉപയോഗിച്ച് കാർ നിർമിച്ച് സാംഗ്ലി സ്വദേശി. ദത്താത്രേയ ലോഹർ നിർമിച്ച ജീപ്പ് മാതൃകയിലുള്ള വാഹനം ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്.
പാഴ്‌വസ്‌തുക്കളിൽ നിന്നും കാർ നിർമിച്ച് സാംഗ്ലി സ്വദേശി; ബൊലേറോ വാഗ്‌ദാനം ചെയ്‌ത് ആനന്ദ് മഹീന്ദ്ര ഇരുചക്ര വാഹനത്തിന്‍റെ എഞ്ചിൻ കാർ ഉപയോഗിച്ചായിരുന്നു ലോഹറിന്‍റെ കാർ നിർമാണം. നാല് ചക്ര വാഹനം വേണമെന്ന മകന്‍റെ ആഗ്രഹമാണ് പുതിയ പരീക്ഷത്തിലേക്കുള്ള ദത്താത്രേയയുടെ വഴിത്തിരിവ്. ഫാബ്രിക്കേഷൻ ബിസിനസ് നടത്തി ജീവിക്കുന്ന ദത്താത്രേയക്ക് മകന്‍റെ ആഗ്രഹപ്രകാരം കാർ വാങ്ങുവാൻ കഴിയുമായിരുന്നില്ല. തുടർന്ന് ആവശ്യകതയാണ് സൃഷ്‌ടിയുടെ മാതാവ് എന്ന പ്ലേറ്റോയുടെ വാക്കുകൾ ദത്താത്രേയ സ്വന്തം ജീവിതത്തിൽ നടപ്പിലാക്കുകയായിരുന്നു.
രണ്ട് വർഷം... ആക്രിയില്‍ നിന്ന് കാർ
അങ്ങനെയാണ് ആക്രി സാധനങ്ങളിൽ നിന്നും കാർ നിർമിക്കുന്നതിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചുതുടങ്ങുന്നത്. രണ്ട് വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ ഇരുചക്രവാഹനത്തിന്‍റെ എഞ്ചിൻ അവശിഷ്‌ടങ്ങൾ, റിക്ഷയുടെ ചക്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സംയോജിപ്പിച്ച് കാർ നിർമിച്ചു. റോഡിലൂടെ ഓടുന്ന ദത്താത്രേയയുടെ കാർ നാട്ടുകാർക്ക് അത്ഭുതമാണ്.
നാനോ കാറിനേക്കാൾ ചെറിയ ദത്താത്രേയയുടെ കാർ, വിന്‍റേജ് കാറിനെ അനുസ്‌മരിപ്പിക്കുന്ന രൂപത്തിലാണ്. ഇതിൽ നാല് പേർക്ക് സഞ്ചരിക്കാം. ഇടതുവശത്താണ് കാറിന്‍റെ സ്റ്റിയറിങ് വീൽ. പെട്രോളിൽ ഓടുന്ന ഈ കാറിന് 1 ലിറ്റർ പെട്രോളിൽ 40 മുതൽ 45 കിലോമീറ്റർ മൈലേജ് ലഭിക്കും. 40 കിലോമീറ്റർ ആണ് കാറിന്‍റെ വേഗത.
അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര
കാർ പരീക്ഷണത്തെ കുറിച്ച് അറിഞ്ഞ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ദത്താത്രേയക്ക് അഭിനന്ദനവുമായി രംഗത്തെത്തി. തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ വാഹനത്തിന്‍റെ വീഡിയോ പങ്കുവച്ച ആനന്ദ് മഹീന്ദ്ര ദത്താത്രേയക്ക് മഹീന്ദ്രയുടെ എസ്‌യുവിയായ ബൊലേറോ വാഗ്‌ദാനം ചെയ്‌തു.
അദ്ദേഹത്തിന്‍റെ വാഹന നിർമാണം ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണെന്നും അദ്ദേഹത്തിന് താൻ ബോലേറോ വാഗ്‌ദാനം ചെയ്യുന്നുവെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. ദത്താത്രേയയുടെ സൃഷ്‌ടി മഹീന്ദ്ര റിസർച്ച് വാലിയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: 'ചന്ദ്രകളഭം ചാർത്തിയുറങ്ങും': പി.ടി തോമസിന്‍റെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍; മതചടങ്ങുകളില്ല