അമൃത്‌സർ: കൊവിഡ് സാഹചര്യത്തിൽ നിർത്തി വച്ച അട്ടാരി-വാഗ അതിര്‍ത്തിയിലെ ബിഎസ്എഫ് പരേഡ് വീണ്ടും പുനരാരംഭിച്ചു. 300 പേർക്ക് മാത്രമേ പുറമെ നിന്നും ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാകും ചടങ്ങുകൾ നടക്കുകയെന്ന് അമൃത്‌സർ ഡെപ്യൂട്ടി കമ്മിഷണർ ഗുർപ്രീത് സിങ് ഖെയ്‌റ പറഞ്ഞു. കൊവിഡിന് മുമ്പ് ആയിരക്കണക്കിന് പേരാണ് ഈ ചടങ്ങിൽ പങ്കെടുത്തിരുന്നത്.
ഏഷ്യയിലെ "ബര്‍ലിന്‍ മതില്‍" എന്ന് വിളിക്കപ്പെടുന്ന വാഗ അതിര്‍ത്തിയില്‍ എല്ലാ ദിവസവും "പാതാക താഴ്ത്തല്‍" എന്ന പേരിലാണ് ചടങ്ങ് നടന്നു വരുന്നത്. ഈ സമയത്ത് അതിര്‍ത്തിയില്‍ ഇന്ത്യയുടെ അതിര്‍ത്തിരക്ഷാസേനയുടേയും പാകിസ്ഥാന്‍റെ ഭാഗത്തു നിന്നുള്ള പാകിസ്ഥാൻ റേഞ്ചേഴ്സിന്‍റെയും അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകള്‍ നടക്കും.