കേരളം

kerala

ETV Bharat / bharat

ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങി

ഇന്ന് പുലര്‍ച്ചെയോടെയാണ് അമൃത്‌പാല്‍ സിങ്‌ കീഴടങ്ങിയത്

amritpal singh  amritpal singh arrest  amritpal singh latest  punjab police  അമൃത്പാല്‍ സിങ്  പഞ്ചാബ് പൊലീസ്  മോഗ  ഖാലിസ്ഥാന്‍  ഖലിസ്ഥാന്‍
Amritpal Singh

By

Published : Apr 23, 2023, 7:35 AM IST

Updated : Apr 23, 2023, 11:08 AM IST

മോഗ (പഞ്ചാബ്) : ഖലിസ്ഥാന്‍ അനുകൂല നേതാവ് അമൃത്‌പാല്‍ സിങ് കീഴടങ്ങി. പഞ്ചാബിലെ മോഗയില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. അമൃത്‌പാലിനെ അസമിലെ ദിബ്രുഗഡിലേക്ക് മാറ്റുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

കീഴടങ്ങുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു: ഇന്ന് രാവിലെ 6:45ന് പഞ്ചാബ് മോഗയിലെ റോഡെ ഗ്രാമത്തില്‍ വച്ചാണ് അമൃത്‌പാല്‍ സിങ് കീഴടങ്ങിയത്. പഞ്ചാബ് പൊലീസിന്‍റെയും ഇന്‍റലിജൻസ് വിഭാഗത്തിന്‍റെയും സംയുക്ത ഓപ്പറേഷന്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. റോഡെ ഗ്രാമത്തില്‍ അമൃത്പാല്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.

എന്നാല്‍ ഗ്രാമം മുഴുവനായും പൊലീസ് വളഞ്ഞിരുന്നുവെന്നും രക്ഷപ്പെടാന്‍ അവസരമില്ലെന്ന് മനസിലാക്കിയാണ് അമൃത്പാല്‍ കീഴടങ്ങിയതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. ഐജിപി സുഖ്‌ചെയിൻ സിങ് ഗിൽ ആണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്.

'വാരിസ് ദേ പഞ്ചാബ്' തലവനായ അമൃത്‌പാല്‍ കഴിഞ്ഞ ഒരുമാസമായി ഒളിവില്‍ കഴിയുകയായിരുന്നു. മാര്‍ച്ച് 18ന് ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി അന്വേഷണ സംഘം രാജ്യവ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. അമൃത്‌പാല്‍ വിദേശത്തേക്ക് കടന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

വിവിധ വേഷങ്ങളില്‍ പല സ്ഥലങ്ങളിലായി ഇയാളെ കണ്ടെന്ന വിവരങ്ങള്‍ പഞ്ചാബ് പൊലീസിന് ലഭിച്ചിരുന്നെങ്കിലും അമൃത്പാലിനെ പിടികൂടാന്‍ അന്വേഷണ സംഘത്തിനായിരുന്നില്ല. തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെയോടെ വലയിലായത്. പൊലീസ് കസ്റ്റഡിയിലുള്ള അമൃത്‌പാലിനെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് പൊലീസ്.

അമൃത്പാലിന്‍റെ ചില സഹായികളും ദിബ്രുഗഡ് ജയിലിലാണ്. ഖലിസ്ഥാന്‍ നേതാവിനെയും ഇവിടേക്ക് എത്തിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാക്രമീകരണങ്ങളും പൊലീസ് ശക്തിപ്പെടുത്തിയതായാണ് വിവരം.

അജ്‌നാല പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത് ഉള്‍പ്പടെ നിലവില്‍ ആറ് കേസുകളില്‍ പ്രതിയാണ് അമൃത്‌പാല്‍. കഴിഞ്ഞ ഫെബ്രുവരി 23നാണ് അമൃത്‌പാലിന്‍റെ നേതൃത്വത്തില്‍ അജ്‌നാല പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം ഉണ്ടായത്. പിടിയിലായ തന്‍റെ അനുയായികളെ മോചിപ്പിക്കാന്‍ വേണ്ടിയായിരുന്നു ആക്രമണം.

ഇതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യല്‍, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അമൃത്‌പാലിനെതിരെ കേസെടുത്തത്. നേരത്തെ ഒരാളെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചുവെന്ന കേസിലും അമൃത്‌പാല്‍ പ്രതിയായിരുന്നു. പിന്നാലെ മാര്‍ച്ച് 18ന് ഒളിവില്‍ പോയ അമൃത്‌പാലിനായി പൊലീസ് പഞ്ചാബ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ ഹിമാചല്‍ എന്നിവിടങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു.

Also Read:അമൃത്‌പാല്‍ സിങ്ങിന്‍റെ ഭാര്യ പൊലീസ് കസ്റ്റഡിയില്‍ ; പിടികൂടിയത് ലണ്ടനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

അതേസമയം, ഏപ്രില്‍ 20ന് അമൃത്‌പാല്‍ സിങ്ങിന്‍റെ ഭാര്യയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്നായിരുന്നു ഇവരെ പിടികൂടിയത്. ലണ്ടനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഖലിസ്ഥാന്‍ നേതാവിന്‍റെ ഭാര്യ പിടിയിലായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ഈ മാസം ആദ്യം, അമൃത്‌പാല്‍ സിങ്ങിന്‍റെ കൂട്ടാളി പപല്‍പ്രീത് സിങ്ങും അറസ്റ്റിലായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെ പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ നിന്നായിരുന്നു ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. പഞ്ചാബ് പൊലീസിനൊപ്പം ഡല്‍ഹി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്ലും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പപല്‍പ്രീത് പിടിയിലായത്.

More Read:അമൃത്‌പാല്‍ സിങ്ങിന്‍റെ കൂട്ടാളി പപല്‍പ്രീത് സിങ് അറസ്റ്റില്‍ ; പിടിയിലായത് ഒളിവില്‍ കഴിയുന്നതിനിടെ

ജലന്ധറില്‍ വച്ച് അമൃത്‌ പാലിനൊപ്പമായിരുന്നു പപല്‍പ്രീതും പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്നത്. തുടര്‍ന്ന് ഹോഷിയാര്‍പൂരിലെത്തിയ ഇരുവരും വേഷം മാറി പല വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. പിടിയിലായ പപല്‍പ്രീത് സിങ് പാകിസ്ഥാൻ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയാണ്. ഫെബ്രുവരി 23- ലെ അജ്‌നാല പൊലീസ് സ്‌റ്റേഷന്‍ അക്രമണക്കേസില്‍ ഇയാള്‍ക്ക് പങ്കാളിത്തമുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്.

Last Updated : Apr 23, 2023, 11:08 AM IST

ABOUT THE AUTHOR

...view details