പഞ്ചാബ്:നിലവില്‍പഞ്ചാബ് സർക്കാരിന് തലവേദനയായി മാറിയിരിക്കുന്നത് പ്രധാനമായും രണ്ട് കേസുകളാണ്. 29 ദിവസങ്ങളായി ഒളിവില്‍ കഴിയുന്ന അമൃത്പാൽ സിങ്ങിനെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല എന്നതും ബടിൻഡയിലെ കണ്ടെയ്‌ൻമെന്‍റ് ഏരിയയിൽ നാല് ജവാന്മാരെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഇതുവരെ ഒരു സൂചനയും കണ്ടെത്താൻ സാധിക്കാത്തതും സംസ്ഥാന പൊലീസിനെ പ്രതിക്കൂട്ടിൽ നിര്‍ത്തിയിരിക്കുകയാണ്. അതീവ പ്രാധാന്യമുള്ള ഇരു കേസിനും തുമ്പ് കണ്ടെത്താൻ പഞ്ചാബ് പൊലീസിന് സാധിച്ചിട്ടില്ല. പഞ്ചാബിൽ നിലനിൽക്കുന്ന ഈ അരക്ഷിതാവസ്ഥ പരിശോധിക്കുകയാണിന്ന്.
29 ദിവസമായി അമൃത്പാൽ ഒളിവിൽ: ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാലിനായി പഞ്ചാബിലെ പല ജില്ലകളിലും പൊലീസ് പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ മാർച്ച് 18 മുതൽ ഒളിവിലുള്ള അമൃത്പാലിനെ അറസ്‌റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല. 29 ദിവസങ്ങൾക്കുള്ളിൽ പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്കും രാജസ്ഥാനിലേക്കും ഹിമാചലിലേക്കും അമൃത്പാലിനെ തേടി പൊലീസ് യാത്ര ചെയ്‌തിട്ടുണ്ട്.
എന്നാൽ ഇതു വരെയും അമൃത്പാലിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മാർച്ച് 18 മുതൽ ഒളിവിൽ പോയതിന് ശേഷം അമൃത്പാൽ തന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പഞ്ചാബ് പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചാണ് അമൃത്പാൽ രംഗത്ത് എത്തിയത്. അമൃത് പാൽ നേപ്പാളിലേക്ക് കടന്നിട്ടുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിൽ നേപ്പാൾ സർക്കാർ അമൃത് പാലിനെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
അതേസമയം അമൃത്പാലിന്‍റെ ബന്ധുക്കളെ അറസ്റ്റ് ചെയ്യുന്നതിൽ പഞ്ചാബ് പോലീസ് വിജയിച്ചെങ്കിലും അമൃത്പാലിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതില്‍ പഞ്ചാബ് പൊലീസിന്‍റെ രീതിശാസ്‌ത്രത്തിന് നേരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. വലിയ പ്രതിഷേധമാണ് രാഷ്‌ട്രീയ പാർട്ടികൾ ഉയർത്തുന്നത്.
സൈനികരുടെ കൊലപാതകത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്: രണ്ട് ദിവസം മുമ്പ്, ബടിൻഡയിലെ സൈനിക കന്‍റോൺമെന്‍റിൽ നാല് സൈനികരാണ് വെടിയേറ്റ് മരിച്ചത്. എന്നാൽ ഈ കേസിലും പഞ്ചാബ് പൊലീസിന് സത്യം പുറത്ത് കൊണ്ടുവരാൻ സാധിച്ചില്ല. അതീവ സുരക്ഷ പ്രാധാന്യമുള്ള ഈ വിഷയത്തിൽ പോലും ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സർക്കാരിൽ ഇച്ഛാശക്തിയുടെ അഭാവമെന്ന് ബിജെപി: ഈ വിഷയത്തിൽ പൊലീസ് സർക്കാരിന്‍റെ കേവലം ഉപകരണമായി മാറിയെന്നും മറ്റ് ഏത് സ്ഥാപനങ്ങളെയും പോലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ ഇച്ഛയ്ക്കും നിർദേശങ്ങൾക്കും അനുസരിച്ചാണ് പഞ്ചാബ് പൊലീസ് പ്രവർത്തിക്കുന്നത് എന്നും ബിജെപി വക്താവ് അനിൽ സരീൻ പറഞ്ഞു. ആം ആദ്‌മി പാർട്ടി സർക്കാരിന് വീക്ഷണമോ ശക്തിയോ ഇല്ലെന്നത് വളരെ സങ്കടകരമാണെന്നും മുഖ്യമന്ത്രിക്ക് തന്നെ അധികാരമില്ലാതായ അവസ്ഥയാണ് നിലവിലെന്നും പഞ്ചാബിലെ മുഖ്യമന്ത്രിയെ റിമോട്ട് കൺട്രോളിൽ ഓടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാഘവ് ഛദ്ദയും അരവിന്ദ് കെജ്‌രിവാളും പഞ്ചാബിലെ യഥാർഥ മുഖ്യമന്ത്രിയായി തുടരുകയാണെങ്കിൽ, പഞ്ചാബിന്‍റെ അവസ്ഥയും പഞ്ചാബിലെ ജനങ്ങളുടെ അവസ്ഥയുെ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ധീരരും ഇന്ത്യയിലെ ഏറ്റവും മികച്ചതുമായ പൊലീസ് സേനയാണ് പഞ്ചാബിലേത്. എന്നാൽ അതേ പൊലീസ് തന്നെയാണ് അമൃത്പാലിനെ പിടികൂടാൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുന്നത്. പഞ്ചാബിൽ അശാന്തി പടർത്തുകയും പഞ്ചാബിന്‍റെ ഐക്യവും അഖണ്ഡതയും ലക്ഷ്യമാക്കുകയും ചെയ്യുന്നവർക്കെതിരെ പഞ്ചാബ് സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും ബിജെപി അവർക്കൊപ്പമാണെന്നും സംസ്ഥാന സർക്കാരിന് ആവശ്യമായ സഹായം കേന്ദ്രത്തിൽ നിന്ന് ലഭിക്കുമെന്നും ബിജെപി വക്താവ് അനിൽ സരീൻ പറയുന്നു.
സർക്കാരിന്‍റെ പരാജയമെന്ന് കോൺഗ്രസ്:സർക്കാർ ഒരു മാസം മുമ്പ് ആരംഭിച്ച ഓപറേഷൻ അമൃത്പാലിന്‍റെ ഫലം പൂജ്യമായി തുടരുന്നതിൽ വലിയ ദുഃഖവും ഖേദവുമുണ്ടെന്ന വിമർശനവുമായാണ് കോൺഗ്രസ് വക്താവ് ഹർപ്രീത് സിങ് രംഗത്ത് എത്തിയത്. അമൃത്പാലിനെ ഇതുവരെയും കസ്റ്റഡിയിൽ എടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. പഞ്ചാബ് പോലീസിന്‍റെ പരാജയം മാത്രമല്ല പഞ്ചാബ് സർക്കാരിന്‍റെ ഇച്ഛാശക്തിയുടെ അഭാവം എന്നും ഇതിനെ വിളിക്കാം. തീവ്രവാദത്തെ നിയന്ത്രിച്ച മികച്ച പൊലീസ് സേനയാണ് പഞ്ചാബ് പൊലീസ്. അമൃത്പാൽ എന്ന വ്യക്തിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഈ ഓപറേഷൻ കാരണം പഞ്ചാബ് പൊലീസ് പരാജയപ്പെട്ട പൊലീസ് എന്നാണ് അറിയപ്പെടുന്നത്.
ഇത് സർക്കാരിന്‍റെ വലിയ പരാജയവും വലിയ പോരായ്‌മയുമാണ്. സർക്കാർ സ്വീകരിക്കേണ്ട കർശനമായ നടപടികൾ അവർ എടുത്തില്ല. മുഴുവൻ പ്രക്രിയയും വെറും നാടകമായി മാറി. ബടിൻഡയിലെ ഇതേ സംഭവം ബുദ്ധിയുടെ പരാജയവും സർക്കാരിന്‍റെ ഇച്ഛാശക്തിയില്ലായ്‌മയും കാണിക്കുന്നതാണ്. ഇതെല്ലാം പഞ്ചാബിന്‍റെ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ്. ഇത്തരം സംഭവങ്ങൾ രാജ്യത്തും ലോകത്തും പഞ്ചാബിനെക്കുറിച്ച് നല്ല സന്ദേശമല്ല നൽകുന്നത്. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികളുടെ പദ്ധതികൾ വിജയിക്കാൻ അനുവദിക്കില്ലെന്ന് ഡിജിപി:അമൃത്പാൽ കേസിൽ പ്രതിപക്ഷം പൊലീസിനെയും സർക്കാരിനെയും ലക്ഷ്യമിടുന്നു. എന്നാൽ പഞ്ചാബിന്‍റെ സമാധാനം തകർക്കാൻ പഞ്ചാബിലെ ജനങ്ങളും പഞ്ചാബ് പൊലീസും അനുവദിക്കില്ലെന്ന് പഞ്ചാബ് ഡിജിപി അടുത്തിടെ അമൃത്‌സറിൽ പറഞ്ഞിരുന്നു. പഞ്ചാബിലെ ചിലയാളുകൾ അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള സഹായത്തോടെ പഞ്ചാബിന്‍റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ പദ്ധതികൾ വിജയിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബിൽ സമാധാനമുണ്ടെന്നും പഞ്ചാബ് നിയമമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊലീസ് സേനയാണ് പഞ്ചാബ് പൊലീസെന്നും കൊള്ളരുതായ്‌മകളെ പൊലീസ് കർശനമായി നേരിടുമെന്നും ഇദ്ദേഹം പറഞ്ഞു. പഞ്ചാബിന്‍റെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ല എന്നും ഡിജിപി കൂട്ടിച്ചേർത്തു.
അമൃത്പാൽ കേസിൽ പൊലീസിന് പിഴവ് സംഭവിച്ചെന്ന് മുൻ ഡിജിപി: അമൃത്പാൽ സിങ്ങിന്‍റെ അറസ്‌റ്റ് ഇപ്പോഴും എവിടെയും എത്താതെ തുടരുകയാണെന്നാണ് പഞ്ചാബ് മുൻ ഡിജിപി ശശികാന്ത് പറയുന്നത്. ഈ കേസിൽ പൊലീസിന് ഇതിനകം പിഴവ് സംഭവിച്ചിട്ടുണ്ട് എന്നത് നിസംശയം പറയാൻ സാധിക്കും. അമൃത്പാലും കൂട്ടാളികളും ചേർന്ന് പൊലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ ആക്രമികളെ നിയന്ത്രിക്കേണ്ടതായിരുന്നു.
'പഞ്ചാബിലെവിടെയും ഖലിസ്ഥാൻ അനുകൂലികളുടെ സ്ലീപ്പർ സെല്ലുകൾ സജീവമാണെന്ന് അമൃത്പാൽ ഒളിച്ചിരിക്കുന്ന രീതിയിൽ നിന്ന് വ്യക്തമാണ്. ആ സ്ലീപ്പർ സെല്ലുകൾ അമൃത്പാലിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നു. പഞ്ചാബിലെ സജീവമായ സ്ലീപ്പർ സെല്ലുകളെ നിയന്ത്രിക്കാൻ പൊലീസിനും മറ്റ് ഏജൻസികൾക്കും കഴിഞ്ഞിട്ടില്ലെന്ന് ഇതുവരെ വെളിപ്പെട്ട വിവരങ്ങളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കാൻ കൃത്യമായ ഫണ്ടിങ് നടക്കേണ്ടതുണ്ട്. ഇതിനോടകം അമൃത്പാൽ നിരവധി വീഡിയോകൾ ഒളിവിലിരുന്ന് ചിത്രീകരിക്കുകയും പങ്കുവയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊലീസിന് അതും കണ്ടെത്താൻ സാധിച്ചില്ല' -അദ്ദേഹം കുറ്റപ്പെടുത്തി.