ഇംഫാൽ:മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ കേന്ദ്ര മന്ത്രി അമിത് ഷാ സംഘര്‍ഷ മേഖലയായ മോറെയും കാങ്പോക്‌പിയും ഇന്ന് സന്ദര്‍ശിച്ചു. മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളായ മോറെയും കാങ്പോക്‌പിയും മയക്കുമരുന്ന് വേട്ട നടക്കുന്ന പ്രദേശങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. മോറെയിലെ വിവിധ പ്രാദേശിക വിഭാഗങ്ങളുടെ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം കാങ്പോക്‌പിയിലെ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായും കേന്ദ്ര മന്ത്രി ഇന്ന് കൂടിക്കാഴ്‌ച നടത്തും.
'പോപ്പി ബെല്‍റ്റി'ല്‍ സന്ദര്‍ശനം: അതിന് ശേഷം, ഇംഫാലില്‍ അദ്ദേഹം സുരക്ഷ അവലോകന യോഗത്തില്‍ പങ്കുചേരും. മണിപ്പൂരിലെ നിലവിലെ സംഘര്‍ഷാവസ്ഥ ഏറ്റവുമധികം ബാധിച്ച പ്രദേശമായിരുന്നു മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന ഈ നഗരങ്ങള്‍. ഇവയെ 'പോപ്പി ബെല്‍റ്റ്' എന്നാണ് പ്രധാനമായും അറിയപ്പെടുക.
മ്യാന്‍മാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരി സംഘങ്ങളിലെ തലവന്‍മാരുമായി ഇടപാടുകള്‍ ഉണ്ടെന്ന് ആരോപിച്ച് ഈ രണ്ട് നഗരങ്ങളിലെയും ഭൂരിഭാഗം ജനങ്ങളെ സുരക്ഷ സേന അറസ്‌റ്റ് ചെയ്‌തിരുന്നു. കൂടാതെ, മ്യാന്‍മാറില്‍ നിന്ന് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് കള്ളക്കടത്ത് നടത്താന്‍ സൗകര്യമൊരുക്കിയതിനും ഇവര്‍ക്കെതിരെ സുരക്ഷ ഏജന്‍സികള്‍ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിലെത്തിയ അമിത് ഷാ, കുക്കി, മീതെയ് തുടങ്ങിയ ഗോത്രവിഭാഗങ്ങളിലെ നേതാക്കളുമായും ഉയര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥരുമായും മണിപ്പൂര്‍ മന്ത്രിസഭാംഗങ്ങളുമായും കൂടിക്കാഴ്‌ച നടത്തി. ഇന്ന് വൈകുന്നേരം എല്ലാ പാര്‍ട്ടികളുമായും യോഗം ചേരുന്നത് വഴി ഈ ദിവസത്തില്‍ അദ്ദേഹം പങ്കെടുക്കുന്ന ഒൻപതാമത്തെ യോഗമാകും. സംഘര്‍ഷം പ്രതികൂലമായി ബാധിച്ച സംസ്ഥാനത്തെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെ സുരക്ഷ വിലയിരുത്തുന്നതിനാണ് അദ്ദേഹം യോഗം ചേരുന്നത്.