ന്യൂഡല്‍ഹി:ജമ്മുകശ്‌മീരിലെ സുരക്ഷ സ്ഥിതിഗതി വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പടെ നിരവധി പേരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളെത്തുടർന്നാണ് മന്ത്രി യോഗം നടത്തിയത്. മെയ് 12ന് ബുദ്ഗാം ജില്ലയിലെ ഓഫിസിനുള്ളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു.
കശ്മീരി പണ്ഡിറ്റ് മരിച്ചതിന് ശേഷം പുല്‍വാമയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ വച്ച് പൊലീസ് കോൺസ്റ്റബിള്‍ റിയാസ് അഹമ്മദ് തോക്കർ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ജമ്മുവിലെ കത്രയ്ക്ക് സമീപം തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് നാല് തീർഥാടകർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തില്‍ ബസിന് നേരെ സ്റ്റിക്കി ബോംബ് ഉപയോഗിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഭട്ടിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റ് സമുദായക്കാര്‍ പ്രതിഷേധിച്ചിരുന്നു. ഇത്തരം സംഭവങ്ങളെ തുടര്‍ന്നാണ് അവലോകന യോഗം നടത്തിയത്. രണ്ട് വർഷത്തിന് ശേഷം ജൂൺ 30ന് ആരംഭിക്കുന്ന അമർനാഥ് യാത്രയുടെ ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്‌തു.