കൊല്‍ക്കത്ത: സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വന്‍ പ്രഖ്യാപനങ്ങളുമായി ബംഗാളിലെ ബിജെപി പ്രകടനപത്രിക. സര്‍ക്കാര്‍ ജോലിയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്നതാണ് സുപ്രധാന വാഗ്ദാനം. എല്‍കെജി മുതല്‍ ബിരുദാനന്തര ബിരുദം വരെ വനിതകള്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്‍കും. പൊതു വാഹനങ്ങളില്‍ സത്രീകള്‍ക്ക് സൗജന്യ യാത്രയും ബിജെപി വാഗ്ദാനം ചെയ്യുന്നു. കുടുംബത്തിലൊരാള്‍ക്ക് ജോലിയുറപ്പാക്കുമെന്നും ബിജെപി 'സങ്കല്‍പ്പ പത്ര'യില്‍ പറയുന്നു.
സമൂല പരിവര്‍ത്തനത്തിലൂടെ സുവര്‍ണ ബംഗാളെന്ന മുദ്രാവാക്യവുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തൊഴില്‍ ലഭ്യതയും സാമൂഹ്യ സുരക്ഷാ പദ്ധതികളും ആദ്യ മന്ത്രിസഭ തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന ഉറച്ച പ്രഖ്യാപനവും ബിജെപി നടത്തുന്നു. അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് അഞ്ച് കൊല്ലത്തേക്ക് പ്രതിവര്‍ഷം 10,000 രൂപ വീതം ബാങ്ക് അക്കൗണ്ടിലെത്തിക്കും. നുഴഞ്ഞു കയറ്റം തടയാന്‍ അതിര്‍ത്തി സുരക്ഷ കര്‍ശനമാക്കുമെന്നും ബിജെപി പ്രഖ്യാപനം.
ആയുഷ്മാന്‍ ഭാരത്, പിഎം കിസാന്‍ സമ്മാന്‍ നിധി പോലെയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ബംഗാളില്‍ നടപ്പാക്കും. മമതാ സര്‍ക്കാര്‍ കിസാന്‍ സമ്മാന്‍ നിധി നടപ്പാക്കാത്തത് മൂലം മൂന്ന് വര്‍ഷമായി കര്‍ഷകര്‍ക്ക് ലഭിക്കാതെ പോയ 18,000 രൂപ സംസ്ഥാനത്തെ 75 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തിക്കും. കേന്ദ്ര-സംസ്ഥാന പദ്ധതിയായി കര്‍ഷകര്‍ക്ക് വര്‍ഷം 10,000 രൂപ നല്‍കും. കര്‍ഷകരുടെ സാമ്പത്തിക സുരക്ഷയ്ക്കായി 5,000 കോടിയുടെ പദ്ധതി. ചെറുകിട കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മൂന്ന് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്. കലാസാംസ്കാരിക രംഗത്തിന്‍റെ വികസനത്തിനായി 11,000 കോടിയും നോബല്‍ പ്രൈസ് മാതൃകയില്‍ ടാഗോര്‍ പ്രൈസും. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് 20,000 കോടി. 22,000 കോടിയുടെ കൊല്‍ക്കത്ത വികസന ഫണ്ട്. വടക്കന്‍ ബംഗാള്‍, സുന്ദര്‍ മഹാല്‍, സുന്ദര്‍ബന്‍ മേഖലകളില്‍ എയിംസ് ക്യാമ്പസുകള്‍. എല്ലാ കുടുംബങ്ങളിലും ശൗചാലയങ്ങളും കുടിവെള്ളവും. വന്‍ പ്രഖ്യാപനങ്ങളാണ് ബംഗാള്‍ പിടിക്കാന്‍ ബിജെപി മുന്നോട്ട് വയ്ക്കുന്നത്.
ബിജെപി അധികാരത്തിലെത്തിയാല്‍ ദുര്‍ഗാ പൂജയും സരസ്വതി പൂജയും നടത്താന്‍ ഭക്തര്‍ക്ക് കോടതിയില്‍ പോകേണ്ടി വരില്ലെന്ന് 'സോനാര്‍ ബംഗ്ളാ സംങ്കല്‍പ്പ്പത്ര' പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കറുത്ത നാളുകളില്‍ നിന്ന് ബംഗാളിനെ പുറത്തെത്തിക്കും. നുഴഞ്ഞുകയറ്റവും പ്രീണനവുമില്ലാത്ത ബംഗാള്‍ യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
294 അംഗ ബംഗാള്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ 8 ഘട്ടങ്ങളിലായി നടക്കും. ഏപ്രില്‍ 29നാണ് അവസാനഘട്ട വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് 2നും നടക്കും.