ന്യൂഡല്‍ഹി:ബലാക്കോട്ട് വ്യോമാക്രമണത്തിന്‍റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ വ്യോമസേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുല്‍വാമ ആക്രമണത്തിന് പ്രത്യാക്രമണം നടത്തിയതോടെ ഭീകരതയ്‌ക്കെതിരെയുള്ള പുതിയ ഇന്ത്യയുടെ നയം വ്യോമസേന വീണ്ടും വ്യക്തമാക്കിയതായി അമിത് ഷാ പറഞ്ഞു. 2019ല്‍ ഈ ദിവസമായിരുന്നു ആ പ്രത്യാക്രമണമെന്ന് ഓര്‍മിപ്പിച്ചായിരുന്നു അമിത് ഷായുടെ ട്വീറ്റ്. പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരവ് സമര്‍പ്പിച്ച അമിത് ഷാ, പ്രധാനമന്ത്രിയുടെ മാര്‍ഗദര്‍ശനത്തില്‍ രാജ്യവും സൈനികരും സുരക്ഷിതമാണെന്ന് ട്വീറ്റ് ചെയ്‌തു.
ബലാക്കോട്ട് വ്യോമാക്രമണത്തിന്‍റെ വാര്‍ഷികം; സേനയെ അഭിനന്ദിച്ച് അമിത് ഷാ - Pulwama attack
പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരവ് അര്‍പ്പിച്ച അമിത് ഷാ, പ്രധാനമന്ത്രിയുടെ മാര്‍ഗദര്‍ശനത്തില്‍ രാജ്യവും സൈനികരും സുരക്ഷിതമാണെന്ന് ട്വീറ്റ് ചെയ്‌തു.
പുല്‍വാമ ആക്രമണത്തില്‍ രക്തസാക്ഷികളായവരെ ഓര്‍ക്കുന്നുവെന്നും വ്യോമാക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. 2019 ഫെബ്രുവരി 14നാണ് കാശ്‌മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ജെയ്‌ഷെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഖൈബര്‍ പക്‌തുന്‍ക്വവ പ്രവിശ്യയിലെ ബലാക്കോട്ടിലുള്ള ജെയ്‌ഷെ ക്യാമ്പില്‍ ശക്തമായ വ്യോമാക്രമണം നടത്തി ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നു.
ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാൻ പോര്‍വിമാനത്തെ മിഗ് 21 വിമാനം ഉപയോഗിച്ച് വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാൻ തകര്‍ത്തിരുന്നു. തുടര്‍ന്ന് നടന്ന പാക് തിരിച്ചടിയില്‍ അഭിനന്ദന്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിടിയിലാവുകയും ചെയ്‌തിരുന്നു. ശേഷം ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി അദ്ദേഹം മോചിക്കപ്പെട്ടു.