ഹൈദരാബാദ് : കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ രാജ്യത്ത് 36,000-ത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടിട്ടുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാലയളവില്‍ ആഭ്യന്തര സുരക്ഷയില്‍ നിരവധി വെല്ലുവിളികള്‍ നിറഞ്ഞ സമയങ്ങളെ രാജ്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയില്‍, ഇന്ത്യന്‍ പൊലീസ് സര്‍വീസ് പ്രൊബേഴ്‌സണേസ് 74-ാം ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
'കഴിഞ്ഞുപോയ ഏഴ് പതിറ്റാണ്ടുകാലം, ആഭ്യന്തര സുരക്ഷയില്‍ നിരവധി ഉയര്‍ച്ച താഴ്‌ചകളാണ് രാജ്യം നേരിട്ടത്. കൂടാതെ വെല്ലുവിളികള്‍ നിറഞ്ഞ സമയങ്ങളും അഭിമുഖീകരിച്ചു. ഇക്കാലയളവില്‍ രാജ്യത്തെ 36,000 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു'- അമിത് ഷാ പറഞ്ഞു.
ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങള്‍, വടക്ക് കിഴക്കന്‍ കലാപം, ഇടതുപക്ഷ തീവ്രവാദം എന്നിവ നിയന്ത്രിക്കുന്നതില്‍ കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ഗണ്യമായി വിജയിച്ചതായും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന് അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിലൂടെ ഭീകരവാദത്തിന് തടയിടുന്നതിനായി ലോകത്തിന് മുന്നില്‍ വിജയകരമായ മാതൃക സമ്മാനിക്കാന്‍ ഇന്ത്യയ്‌ക്കായി.