ന്യൂഡൽഹി: കർഷകരുടെ ഡൽഹി ചലോ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി മാറ്റാൻ ഡൽഹി പൊലീസ് സർക്കാരിനോട് അനുമതി തേടി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പഞ്ചാബ് കർഷകരെ പിന്തുണച്ച് രംഗത്ത് വന്നതിന് പിന്നാലെയാണിത്. സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശമാണെന്നും അവർക്കെതിരെ ജലപീരങ്കികൾ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നുമാണ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടത്. കേന്ദ്രസർക്കാരിന്‍റെ മൂന്ന് കാർഷിക ബില്ലുകളും കർഷക വിരുദ്ധമാണെന്നും ഇവ പിൻവലിക്കുന്നതിനുപകരം സമാധാനപരമായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് കർഷകരെ തടയുകയാണെന്നും കർഷകർക്കെതിരായ ഈ കുറ്റകൃത്യം തികച്ചും തെറ്റാണെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.
കർഷക പ്രതിഷേധം; സ്റ്റേഡിയങ്ങൾ ജയിലാക്കാൻ അനുമതി തേടി പൊലീസ് - ഡൽഹി പൊലീസ്
പഞ്ചാബ് കർഷകരെ പിന്തുണച്ച് അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ അനുമതി തേടി ഡൽഹി പൊലീസെത്തിയത്.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുൻകരുതൽ നടപടിയായി ദേശീയ തലസ്ഥാനത്തെ നിരവധി മെട്രോ സ്റ്റേഷനുകൾ അടച്ചു. നിരവധി റോഡുകളും ഡൽഹി ട്രാഫിക്ക് പൊലീസ് അടച്ചു. സിങ്കു ബോർഡർ പ്രദേശത്തേക്ക് വാഹനങ്ങൾ അനുവദനീയമല്ലെന്നും അന്തർസംസ്ഥാന വാഹനങ്ങൾ പടിഞ്ഞാറൻ/കിഴക്കൻ പെരിഫറൽ എക്‌സ്‌പ്രസ് ഹൈവേ വഴി പോകാമെന്നും ഡൽഹി ട്രാഫിക് പൊലീസ് ട്വീറ്റ് ചെയ്‌തു. കൂടാതെ പൊലീസിന്‍റെ വാഹന പരിശോധന കാരണം ഡൽഹി-ഗുരുഗ്രാം അതിർത്തിയിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ഡൽഹി-ഗുരുഗ്രാം അതിർത്തിയിൽ സുരക്ഷ മുൻനിർത്തി കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയെയും (സിഐഎസ്എഫ്) വിന്യസിച്ചിട്ടുണ്ട്.