റാഞ്ചി : ചെക്ക് മടങ്ങിയ കേസില്‍ ബോളിവുഡ് താരം അമീഷ പട്ടേൽ Ameesha Patel റാഞ്ചി കോടതിയിൽ ഹാജരായില്ല. ഒരു ഷോയില്‍ അടിയന്തരമായി പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഇന്ന് (ജൂണ്‍ 21) കോടതിയില്‍ എത്താതിരുന്നത്. എന്നാല്‍ ജൂലൈ 10ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ അമീഷ പട്ടേലിന് കോടതി അവസാന അവസരം അനുവദിച്ചു.
നടി ഹാജരാകാത്തതില്‍ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഡി.എന്‍ ശുക്ല അതൃപ്‌തി രേഖപ്പെടുത്തി. തന്‍റെ കക്ഷിയായ അമീഷ പട്ടേലിന് ഹാജരാകാന്‍ സമയം നീട്ടിനല്‍കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ഭാഗം വക്കീല്‍ ഇതിനെ ശക്തമായി എതിര്‍ത്തു.
അതേസമയം ജൂണ്‍ 17ന് നടി റാഞ്ചി സിവില്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. അന്ന് തന്നെ നടിക്ക് കോടതി ജാമ്യം അനുവദിക്കുകയും ജൂണ്‍ 21ന് റാഞ്ചിയിലെ കീഴ്‌ക്കോടതിയില്‍ നേരിട്ട് ഹാജരാജാന്‍ ഉത്തരവിടുകയും ചെയ്‌തിരുന്നു. റാഞ്ചിയിൽ നിന്നുള്ള സിനിമ നിര്‍മ്മാതാവ് അജയ് കുമാറാണ് നടിക്കെതിരെ പരാതി നല്‍കിയത്. ചെക്ക് ബൗണ്‍സായതില്‍ വഞ്ചന ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാവ് നടിക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തത്. കൂടാതെ അമീഷ പട്ടേല്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും അജയ് കുമാര്‍ ആരോപിച്ചു.
അജയ് കുമാറിന്‍റെ പരാതിയിൽ നടിക്ക് കോടതി പലതവണ നോട്ടിസ് അയച്ചിരുന്നുവെങ്കിലും കോടതിയിൽ ഹാജരാകാൻ അമീഷ തയ്യാറായില്ല. ഇതിന് പിന്നാലെ അമീഷയ്‌ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ജൂൺ 17ന് നടി കോടതിയില്‍ കീഴടങ്ങിയത്.
2018ൽ അമീഷ പട്ടേൽ നിർമ്മാതാവ് അജയ് കുമാറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിഫലം വാങ്ങിയതിന് ശേഷം നടി സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെന്നും പണം തിരികെ ചോദിച്ചപ്പോൾ വിമുഖത കാട്ടിയെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാവ് അജയ് കുമാർ അമീഷയ്‌ക്കെതിരെ പരാതി നല്‍കിയത്.