ചണ്ഡിഗഡ് :കോൺഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. പാർട്ടിക്കുള്ളിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്ത നേതൃത്വം, ആ കൃത്യനിർവഹണമില്ലായ്‌മ മറച്ചുവയ്‌ക്കുന്നതിനായി പെരും നുണകൾ പടച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുഴുവൻ നേതൃത്വവും ആശയക്കുഴപ്പത്തിലാണെന്നും അമരീന്ദർ ആക്ഷേപിച്ചു.
പഞ്ചാബ് കോൺഗ്രസിൽ നിന്നുള്ള 79 നിയമസഭാംഗങ്ങളിൽ 78 പേരും തന്‍റെ രാജി ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് കത്തയച്ചുവെന്ന എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുടെ അവകാശവാദങ്ങൾക്ക് പിന്നാലെയാണ് അമരീന്ദറിന്‍റെ പ്രതികരണം.
തന്‍റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയെന്ന് സുർജേവാലയും ഹരീഷ് റാവത്തും പറയുന്ന എംഎൽഎമാരുടെ എണ്ണം പരസ്‌പരവിരുദ്ധമാണ്. തെറ്റുകളുടെ തമാശ എന്നായിരുന്നു ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
43 എംഎൽഎമാർ തനിക്കെതിരെ ഹൈക്കമാൻഡിന് കത്തെഴുതിയെന്നായിരുന്നു റാവത്ത് വെള്ളിയാഴ്‌ച നടത്തിയ പ്രസ്‌താവനയിൽ പറഞ്ഞത്. നവ്‌ജ്യോത് സിങ് സിദ്ദുവിന്‍റെ ഹാസ്യ നാടകത്തിൽ നിന്ന് പാർട്ടി ഇനിയും പുറത്തുവന്നിട്ടില്ലെന്ന് തോന്നുന്നു. നാളെ ഒരു പക്ഷെ 117 എംഎൽഎമാരും തനിക്കെതിരെ കത്തയച്ചുവെന്നാകും അവർ അവകാശപ്പെടുകയെന്നും അദ്ദേഹം ആക്ഷേപിച്ചു.
ALSO READ:പാർട്ടിയിൽ സ്ഥാനമില്ലെങ്കിലും രാഹുലിനും പ്രിയങ്കക്കുമൊപ്പമെന്ന് നവജ്യോത് സിങ് സിദ്ദു
സുർജേവാല അവകാശപ്പെടുന്നതുപോലെ പഞ്ചാബിലെ ജനങ്ങൾക്ക് തന്‍റെ മേലുള്ള വിശ്വാസം നഷ്‌ടപ്പട്ടിട്ടില്ല. നവ്‌ജ്യോത് സിങ് സിദ്ദുവിന്‍റെ ആജ്ഞ സ്വീകരിച്ച് പാർട്ടിയിലെ ഏതാനും നേതാക്കളും എംഎൽഎമാരും ആസൂത്രണം ചെയ്‌തവയാണെല്ലാം. ഇത്തരത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്നതിനും നുണകൾ പ്രചരിപ്പിക്കുന്നതിനുമുള്ള മറുപടിയായി തെരഞ്ഞെടുപ്പിൽ വലിയ വില നൽകേണ്ടിവരുമെന്നും അമരീന്ദർ മുന്നറിയിപ്പ് നൽകി.
പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവുമായുള്ള അധികാര തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ മാസമാണ് ക്യാപ്‌റ്റൻ തന്‍റെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. അതിൽ നിന്ന് കരകയറുന്നതിന് മുന്നേ, സിദ്ദു ഉൾപ്പടെ പാർട്ടിയിലെ ഉന്നത നേതാക്കൾ അടുത്തിടെ കൂട്ടരാജി പ്രഖ്യാപനം നടത്തിയതും കോൺഗ്രസിനെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.