ജയ്‌പൂര്‍ (രാജസ്ഥാന്‍) :പശുക്കടത്ത് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ക്ക് ഏഴുവര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. 2018 ല്‍ ആല്‍വാര്‍ ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് റക്‌ബര്‍ ഖാനെ അക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ പരംജിത് സിങ്, ധർമേന്ദ്ര യാദവ്, നരേഷ് ശർമ, വിജയ് കുമാർ എന്നിവര്‍ക്കെതിരെ അഡീഷണല്‍ ജില്ല ജഡ്‌ജിയാണ് വ്യാഴാഴ്‌ച ശിക്ഷ വിധിച്ചത്. അതേസമയം കേസില്‍ അഞ്ചാം പ്രതി നവല്‍ കിഷോറിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 341 (അനധികൃതമായി തടഞ്ഞുവയ്‌ക്കല്‍), 304 (1) കൊലപാതകമല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ ശരിവച്ചാണ് കോടതി കുറ്റക്കാരെ ശിക്ഷിച്ചത്. കേസിൽ ആൾക്കൂട്ട കൊലപാതകവും പരിഗണിച്ചിരുന്നു. നവല്‍ കിഷോറിനെതിരെ ശക്തമായ തെളിവുകളില്ലാത്തതിനാലാണ് കോടതി വെറുതെ വിട്ടതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അശോക് ശര്‍മ പറഞ്ഞു. അതേസമയം കേസില്‍ 2019ലാണ് പൊലീസ് പരംജിത് സിങ്, ധർമേന്ദ്ര യാദവ്, നരേഷ് ശർമ, വിജയ് കുമാർ എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
സംഭവം ഇങ്ങനെ :2018 ജൂലൈ 20 ന് അൽവാർ ജില്ലയിൽ രാംഗഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് പശുക്കടത്ത് ആരോപിച്ച് ഒരു സംഘം ആളുകള്‍ റക്‌ബര്‍ ഖാനെയും സുഹൃത്ത് അസ്‌ലമിനെയും ക്രൂരമായി മർദിക്കുന്നത്. ലഡ്‌പുര ഗ്രാമത്തില്‍ നിന്ന് പശുക്കളെ വാങ്ങി ഹരിയാനയിലെ തങ്ങളുടെ ഗ്രാമമായ ലാലവണ്ടി ഗ്രാമത്തിലേക്ക് വനപ്രദേശത്തുകൂടി കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. റക്ബർ ഖാന്‍ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാല്‍ സുഹൃത്ത് അസ്‌ലം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
Also Read: കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് ആക്രമണം: രണ്ട് പേർക്ക് പരിക്ക്