മീററ്റ്: കുപ്രസിദ്ധ ഗുണ്ട നേതാവ് അനിൽ ദുജാനയെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) വ്യാഴാഴ്‌ച എൻകൗണ്ടർ നടത്തി. നോയിഡയിലും ഗാസിയാബാദിലും ഡൽഹിയിലും ഭീകര ഭരണം അഴിച്ചുവിട്ട അനിൽ ദുജാന അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ക്രിമിനൽ റെക്കോർഡുള്ള വ്യക്തിയാണ്. 60 ക്രിമിനൽ കേസുകളിൽ പ്രതിയായ അനിൽ ദുജാനയെക്കുറിച്ച് വായിക്കാം.
വ്യാഴാഴ്‌ച നടന്നതെന്ത് : ഉത്തർപ്രദേശിലും ഡൽഹിയിലും ഹരിയാനയിലും ഭീകര ഭരണം അഴിച്ചുവിട്ടതിന് ജയിലിലായിരുന്ന അനില്‍ ദുജാനആഴ്‌ചകൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. പിന്നാലെ അനില്‍ ഒളിവിൽ പോകുകയായിരുന്നു. തനിക്കെതിരെ ഫയൽ ചെയ്‌ത കൊലപാതക കേസിലെ പ്രധാന സാക്ഷികളിലൊരാളെ ഇയാൾ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഗുണ്ടാസംഘത്തിന് വേണ്ടി തെരച്ചിൽ നടത്തുകയായിരുന്നു ഉത്തർപ്രദേശ് പൊലീസിന്‍റെ പ്രത്യേക ദൗത്യസംഘം.
മീററ്റ് ഗ്രാമത്തിൽ ദുജാനയും സംഘവും ഒളിച്ചിരിക്കുന്നു എന്ന് മനസിലാക്കിയ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസിന് നേരെ ഗുണ്ട സംഘം വെടിയുതിർക്കുകയും പൊലീസ് കൗണ്ടർ അറ്റാക്ക് നടത്തുകയും ചെയ്‌തു. ആക്രമണത്തിൽ സംഭവസ്ഥലത്ത് അനിൽ ദുജാന കൊല്ലപ്പെട്ടു.
സൈക്കിൾ മോഷണത്തിൽ തുടങ്ങിയ ഡോൺ :ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗറിലെ ബാദൽപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഗ്രാമമാണ് ദുജാന. 1970 കളിൽ ഈ പ്രദേശത്തെ ഏറ്റവും ഭയപ്പെട്ട വ്യക്തിയായിരുന്നു സുന്ദർ നഗർ അഥവ സുന്ദര്‍ ഡാകു എന്ന ക്രിമിനൽ നേതാവ്. നിരവധി തവണ അറസ്റ്റിലായ ശേഷം സുന്ദർ ഡാകു പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. സുന്ദർ ഡാകുവിന്‍റെ കഥകൾ കേട്ട് വളർന്ന അനിൽ നഗര്‍ (അനില്‍ ദുജാനയുടെ യഥാര്‍ഥ പേര്) പിന്നീട് ആ സ്ഥാനം ഏറ്റെടുത്തു. സൈക്കിൾ മോഷണം ആയിരുന്നു ആദ്യം ചെയ്‌ത കുറ്റം. ഇതിന്‍റെ പേരിൽ ജയിലിൽ കഴിയവെയാണ് തന്‍റെ പേരിലെ 'നഗർ' നീക്കം ചെയ്യുകയും 'ദുജാന' എന്ന തന്‍റെ ഗ്രാമത്തിന്‍റെ പേര് സ്വന്തം പേരിനൊപ്പം ചേർക്കുകയും ചെയ്‌തത്.
പിന്നീട് ഉത്തർപ്രദേശ് കണ്ടത് അനിൽ ദുജാനയെന്ന കൊടും കുറ്റവാളിയുടെ വളർച്ചയായിരുന്നു. 18 കൊലപാതകങ്ങൾ, ഭൂമി തട്ടിയെടുക്കൽ, കൊള്ള, ആയുധ നിയമ ലംഘനങ്ങൾ എന്നിവ ഉൾപ്പെടെ 60 ലധികം ക്രിമിനൽ കേസുകളാണ് മാഫിയ കിങ് ആയി മാറിയ അനിൽ ദുജാനയുടെ അക്കൗണ്ടിലെ ചെറുതും വലുതുമായ ക്രിമിനൽ കേസിന്‍റെ കണക്കെടുത്താൽ നിരവധിയുണ്ടാകും. പടിഞ്ഞാറൻ ഉത്തർപ്രദേശ് ആൾക്കൂട്ട അക്രമങ്ങളുടെ കേന്ദ്രമായിരുന്നു. ഉത്തർപ്രദേശിന് പുറമെ ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ അനിൽ ദുജാന മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളായി മാറുകയായിരുന്നു.
മൂന്ന് കൊലപാതകങ്ങളിലൂടെ താരപദവിയിലേക്ക് :2004ൽ പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള മറ്റൊരു ഗുണ്ട തലവന്‍ നരേഷ് ഭാട്ടിയെ കനത്ത സുരക്ഷയ്ക്കിടയിലും മാഫിയ നേതാവായ സുന്ദർ ഭാട്ടിയ കൊലപ്പെടുത്തി. നരേഷിന്‍റെ ഇളയ സഹോദരൻ രൺദീപ് തന്‍റെ സഹോദരന്‍റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. കൃത്യം നടത്താനായി തന്‍റെ അമ്മാവൻ അമിത് കസാനയെ സഹായിക്കാൻ അനിൽ ദുജാനയെ റിക്രൂട്ട് ചെയ്‌തു. 2011 നവംബറിൽ ഗാസിയാബാദിലെ സാഹിബാബാദിൽ നടന്ന ഭാര്യാസഹോദരിയുടെ വിവാഹച്ചടങ്ങിനിടെ സുന്ദർ ഭാട്ടിയയെ കൊലപ്പെടുത്താൻ മൂവരും ശ്രമിച്ചു. ഭാട്ടിയ കൊലപാതകശ്രമത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും. സംഭവത്തിൽ മറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടു.
ഈ കൊലപാതകത്തിനിടെ ബുള്ളറ്റ് പ്രൂഫ് വസ്ത്രത്തിലുള്ള ദുജാനയുടെ ഫോട്ടോ സംസ്ഥാനത്തെ കുറ്റവാളികൾക്കിടയിൽ ജനപ്രിയമായി. ട്രിപ്പിൾ കൊലപാതകത്തിന് ശേഷം അനിൽ ദുജാനയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. എന്നാൽ അനിൽ ദുജാന ജയിലിൽ നിന്ന് തന്‍റെ സംഘത്തിന്‍റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തു കൊണ്ടിരുന്നു.
പടിഞ്ഞാറൻ യുപിയിലെ അധോലോക രാജാവായി മാറിയ അനിൽ ദുജായെയാണ് പിന്നീട് കാണുന്നത്. 2017 മുതൽ യുപി പൊലീസ് ഇയാളെ പിടികൂടാനുള്ള ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ദാരിദ്ര്യവും കുറ്റകൃത്യവും ആക്രമണങ്ങളും കണ്ട് വളർന്ന അനിൽ ദുജാനയെ മാഫിയ രാജാവാക്കുന്നതിൽ ഉത്തർപ്രദേശിന്‍റെ പ്രാദേശിക സാഹചര്യം നിർണായക സ്ഥാനം വഹിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച നടത്തിയ എൻകൗണ്ടറിലൂടെ വർഷങ്ങളോളം നീണ്ടുനിന്ന ഭീകരവാഴ്‌ചയ്ക്കാണ് ഉത്തർപ്രദേശ് പൊലീസ് വിരാമമിട്ടത്.