ഡെറാഡൂണ്‍:ഉത്തരാഖണ്ഡ് നിയമസഭ സമ്മേളനത്തിന്‍റെ രണ്ടാം ദിവസം സഭയിൽ ബഹളമുണ്ടാക്കുകയും ഭരണപക്ഷത്തിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്‌ത കോണ്‍ഗ്രസ് എംഎൽഎമാരെ സസ്‌പെൻഡ് ചെയ്‌ത് സ്‌പീക്കർ റിതു ഖണ്ഡൂരി. സഭ നടപടികൾ ആരംഭിക്കുന്നതിന് മുൻപായി സഭയിൽ പ്രതിഷേധം നടത്തിയതിനാണ് എല്ലാ കോണ്‍ഗ്രസ് എംഎൽഎമാരെയും ഒരു ദിവസത്തേക്ക് സ്‌പീക്കർ സസ്‌പെൻഡ് ചെയ്‌തത്.
ഇതാദ്യമായാണ് കോൺഗ്രസ് എംഎൽഎമാരെ ഒരു ദിവസത്തേക്ക് സഭ നടപടികളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നത്. രണ്ടാം ദിവസത്തെ സഭ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് കരിമ്പ് താങ്ങുവിലയും, കർഷകർക്ക് ധനസഹായം നൽകുന്നതുമായും ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎമാർ നിയമസഭയിൽ പ്രകടനം നടത്തി. വിഷയത്തിൽ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംഎൽഎമാർ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
തുടർന്ന് എംഎൽഎമാർ സഭയിൽ ബഹളമുണ്ടാക്കുകയും കടലാസുകൾ ചുരുട്ടി സഭയുടെ നടുത്തളത്തിലേക്ക് എറിയുകയും ചെയ്‌തു. പിന്നാലെ സ്‌പീർ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും ഒരു ദിവസത്തെ സഭ നടപടികളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. തുടർന്ന് സഭ നടപടികൾ മൂന്ന് മണിവരെ നിർത്തിവച്ചു.
വിവാദമായി സ്‌പീക്കറുടെ പരാമർശം: അതേസമയം കേരള നിയമസഭയിൽ ഷാഫി പറമ്പില്‍ അടുത്ത തെരഞ്ഞെടുപ്പിൽ തോല്‍ക്കുമെന്ന് സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശവും വിവാദമായി. ബ്രഹ്മപുരം വിഷയത്തിന്‍റെ പേരില്‍ തുര്‍ച്ചയായ രണ്ടാം ദിവസവും നല്‍കിയ അടിയന്തര പ്രമേയ നോട്ടിസ് നിരാകരിച്ച സ്‌പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങളെ ശാസിക്കുന്നതിനിടെയായിരുന്നു സ്‌പീക്കറുടെ പരാമർശം.
റോജി എം ജോണ്‍ നോട്ടിസ് നല്‍കിയ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കാനാകില്ലെന്നും ആദ്യ സബ്‌മിഷനായി റോജിക്ക് ഈ വിഷയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാമെന്ന് പറഞ്ഞ് സ്‌പീക്കര്‍ അടുത്ത നടപടിയിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷം പ്രകോപിതരായി നടുത്തളത്തിലിറങ്ങിയത്. പ്ലക്കാര്‍ഡുകളും ബാനറുകളും ഉപയോഗിച്ച് സ്‌പീക്കറുടെ മുഖം മറച്ചു പിടിച്ചതോടെ സ്‌പീക്കറും പ്രകോപിതനായി.
ബാനർ ഉപയോഗിച്ച് മുഖം മറച്ചു പിടിക്കരുതെന്ന് ടി.ജെ വിനോദിനെ പേരു വിളിച്ച് ശാസിച്ച സ്‌പീക്കര്‍ ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും പറഞ്ഞു. പിന്നാലെ വെറും തുച്ഛമായ ഭൂരിപക്ഷത്തിനാണ് ജയിച്ചതെന്നും എല്ലാം ചാലക്കുടിയിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും സനീഷ്‌കുമാര്‍ ജോസഫിനോടും സ്‌പീക്കര്‍ പറഞ്ഞു. വിന്‍സന്‍റ്, റോജി എന്നീ പേരുകളും സ്‌പീക്കർ ആവർത്തിക്കുന്നുണ്ടായിരുന്നു.
ഇതിനിടെ ബാനർ പിടിച്ച് മുഖം മറയ്‌ക്കുന്ന ആളുകൾക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും സ്‌പീക്കർ നൽകി. ഇതിന് പിന്നാലെയാണ് ഷാഫി ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അടുത്ത തവണ തോല്‍ക്കുമെന്നും സ്‌പീക്കര്‍ പറഞ്ഞത്. തുടർന്ന് ഒന്നര മണിക്കൂറിന് ശേഷം സഭ ബഹിഷ്‌കരിച്ച് പുറത്തു വന്നതിന് ശേഷം സ്‌പീക്കറുടെ പരാമർശത്തിൽ യുഡിഎഫ് പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.
പ്രതിഷേധമറിയിച്ച് യുഡിഎഫ്: പിന്നാലെ പ്രതിപക്ഷ എംഎൽഎമാരെ പേരെടുത്ത് പറഞ്ഞുള്ള സ്‌പീക്കറിന്‍റെ പരാമർശത്തിൽ യുഡിഎഫ് നേതാക്കള്‍ സ്‌പീക്കറെ നേരിൽ കണ്ട് പ്രതിഷേധമറിയിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, എപി അനില്‍കുമാര്‍, പിസി വിഷ്‌ണുനാഥ് എന്നിവരാണ് സ്‌പീക്കറുടെ ഓഫിസിലെത്തി പ്രതിഷേധം അറിയിച്ചത്.
ALSO READ:എംഎല്‍എമാര്‍ക്കെതിരായ സ്‌പീക്കറുടെ പരാമർശം നിലവാരമില്ലാത്തത്, പിൻവലിക്കണം : പ്രതിപക്ഷ നേതാവ്