ഗൗരേല-പേന്ദ്ര-മർവാഹി (ഛത്തീസ്‌ഗഡ്): ഭൂപടത്തില്‍ ഇന്ത്യയ്‌ക്ക് മേല്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം സംബന്ധിച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനെതിരെ പരാതി. പേന്ദ്ര സ്വദേശിയായ അഭിഭാഷകന്‍ വീരേന്ദ്ര പഞ്ചാബി ആണ് ആഭ്യന്തര മന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും രേഖാമൂലം പരാതി നല്‍കിയത്. ഒരു വിമാന കമ്പനിയുടെ പരസ്യത്തിനായി ചിത്രീകരിച്ച ഫോട്ടോയില്‍ അക്ഷയ് കുമാര്‍ ഭൂപടത്തില്‍ ഇന്ത്യയ്‌ക്ക് മുകളില്‍ ഷൂസ് ധരിച്ച് ചവിട്ടി നില്‍ക്കുന്നത് തന്‍റെ വികാരം വൃണപ്പെടുത്തി എന്നാണ് വീരേന്ദ്രയുടെ പരാതിയില്‍ പറയുന്നത്.
ഭൂപടത്തില്‍ ഇന്ത്യയ്‌ക്കു മേല്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം: നടന്‍ അക്ഷയ് കുമാറിനെതിരെ പരാതി - അക്ഷയ് കുമാര്‍
ഒരു വിമാന കമ്പനിയുടെ പരസ്യത്തിന്‍റെ ഭാഗമായാണ് ചിത്രം പങ്കുവച്ചത്. എന്നാല്‍ ഭൂപടത്തില്‍ ഇന്ത്യയ്‌ക്കു മേല്‍ ഷൂസ് ധരിച്ച് ചവിട്ടി നില്‍ക്കുന്ന അക്ഷയ് കുമാറിന്‍റെ ചിത്രം വിമര്‍ശിക്കപ്പെട്ടു. രാജ്യത്തെ അപമാനിച്ചെന്നും തന്‍റെ വികാരം വൃണപ്പെട്ടു എന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ വീരേന്ദ്ര പഞ്ചാബി പരാതി നല്‍കിയത്
ഭൂപടത്തില്‍ ഇന്ത്യയെ ചവിട്ടി നില്‍ക്കുന്ന രീതിയില്‍ ചിത്രീകരിച്ചത് രാജ്യത്തെ അപമാനിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്. '1971ലെ രാജ്യത്തിന്‍റെ ശ്രേഷ്‌ഠതയെ അപമാനിക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരം അദ്ദേഹത്തിന്‍റെ പ്രവൃത്തി ശിക്ഷാർഹമാണ്. ഇത്തരമൊരു സാഹചര്യത്തിൽ അക്ഷയ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ഫോട്ടോ ഡിലീറ്റ് ചെയ്യുകയും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയും വേണം', വീരേന്ദ്ര പഞ്ചാബി ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇന്നലെയാണ് വീരേന്ദ്ര പരാതി നല്‍കിയത്.
വിമാന കമ്പനിയുടെ പരസ്യവുമായി ബന്ധപ്പെട്ട പ്രസ്‌തുത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതു മുതല്‍ അക്ഷയ് കുമാര്‍ വിമര്‍ശിക്കപ്പെടുകയാണ്. ദേശീയ പതാക, ദേശീയ ഗാനം, ചിഹ്നം, ഇന്ത്യൻ ഭരണഘടന, രാജ്യത്തിന്‍റെ ഭൂപടം എന്നിവയുൾപ്പെടെയുള്ള രാജ്യത്തിന്‍റെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നാണ് 1971 ലെ നിയമം പറയുന്നത്. ഈ നിയമപ്രകാരം കുറ്റം ചെയ്‌ത വ്യക്തിക്ക് മൂന്ന് വർഷത്തെ തടവ്, പിഴ അല്ലെങ്കിൽ തടവും പിഴയും എന്നിങ്ങനെയാണ് ശിക്ഷ.