ലഖ്‌നൗ:ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി (എസ്‌പി) തലവനും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് പാർട്ടി ദേശീയ വക്താവ് അശുതോഷ് വർമ അറിയിച്ചു. ഇതാദ്യമായാണ് അഖിലേഷ് യാദവ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്.
1993 മുതൽ അഖിലേഷിന്‍റെ പിതാവ് മുലായം സിങ് യാദവിന്‍റെ ശക്തികേന്ദ്രമാണ് മെയിൻപുരിയെന്ന് പറയപ്പെടുന്നുവെങ്കിലും 2002ലെ തെരഞ്ഞെടുപ്പിൽ ജയം ബിജെപിക്കായിരുന്നു. നിലവിൽ സമാജ് വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ കര്‍ഹാലില്‍ ശോഭരൻ യാദവാണ് എംഎൽഎ.
എസ്പിയുടെ പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കപ്പെടുന്ന ഒന്നരലക്ഷത്തോളം യാദവ വോട്ടർമാർ ഉൾപ്പെടുന്നതിനാൽ കർഹാൽ സീറ്റിലെ ജാതി കണക്ക് പാർട്ടിക്ക് അനുകൂലമാണ്. 14,000ത്തോളം മുസ്ലീങ്ങളും 34,000 ശാക്യ സമുദായ വോട്ടർമാരും ഈ മണ്ഡലത്തിലുണ്ട്. ഈ വോട്ടുകളും പാർട്ടിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ.