മുംബൈ :മഹാരാഷ്‌ട്രയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി പിളർന്നതോടെ പേരിനും ചിഹ്നത്തിനുമായി കടുത്ത പോര്. എൻസിപി എന്ന പേരിനും പാർട്ടി ചിഹ്നത്തിനും അവകാശവാദം ഉന്നയിച്ച് അജിത് പവാർ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകി. അതേസമയം ജൂലൈ രണ്ടിന് സത്യപ്രതിജ്‌ഞ ചെയ്‌ത മഹാരാഷ്‌ട്ര നിയമസഭയിലെ ഒൻപത് വിമത അംഗങ്ങളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്ര എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടീല്‍ കത്ത് നല്‍കിയതായും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
പരസ്യ യോഗം വിളിച്ച് പവാർ : എംഎൽഎ, എംപി, എംഎൽസി തുടങ്ങി 40 അംഗങ്ങളുടെ പിന്തുണാ സത്യവാങ്‌മൂലവും പ്രസിഡന്‍റായി അവര്‍ ഐകകണ്ഠേന അജിത് പവാറിനെ തെരഞ്ഞെടുത്തതായുള്ള പ്രമേയവും ലഭിച്ചതായും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പോരാട്ടം ചൂടുപിടിക്കുന്നതിനിടയിൽ അജിത് പവാർ വിഭാഗവും ശരദ് പവാർ വിഭാഗവും ഇന്ന് വെവ്വേറെ യോഗങ്ങള്‍ വിളിച്ചിരുന്നു. എൻസിപിയുടെ 53 എംഎൽഎമാരിൽ 35 പേര്‍ തങ്ങൾക്കൊപ്പമാണെന്ന് അജിത് പവാർ അവകാശപ്പെട്ടു.
ഇതിന് പുറമെ എട്ട് എംഎൽസിമാരിൽ അഞ്ച് പേര്‍ തങ്ങൾക്കൊപ്പമാണെന്നും അജിത് പവാർ വിഭാഗം പറയുന്നു. ഇവരിൽ നിന്ന് അദ്ദേഹം സത്യവാങ്‌മൂലം എഴുതി വാങ്ങുകയും ചെയ്‌തിരുന്നു. അതേസമയം ശരദ് പവാർ വിളിച്ച യോഗത്തിൽ 13 എംഎൽഎമാർ പങ്കെടുത്തെന്നാണ് വിവരം. അജിത് വിഭാഗം ബാന്ദ്രയിലെ ബുജ്‌ബൽ നോളജ് സിറ്റിയിലും ശരദ് പവാര്‍ വിഭാഗം ദക്ഷിണ മുംബൈയിലെ യശ്വന്ത്‌റാവു ചവാൻ സെന്‍ററിലുമാണ് യോഗം ചേർന്നത്.