മണിരത്‌നത്തിന്‍റെ റിലീസിനൊരുങ്ങുന്ന 'പൊന്നിയിൻ സെൽവൻ 2' സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ് ബച്ചന്‍. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നടന്ന പ്രത്യേക പരിപാടിയിൽ പങ്കെടുത്ത താരത്തിന്‍റെ മനോഹരമായ ചിത്രങ്ങളാണ് പുറത്തു വരുന്നത്. പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു അതിസുന്ദരിയായി എത്തിയ ഐശ്വര്യ.
ചുവന്ന എത്‌നിക് സ്യൂട്ട് ധരിച്ച ഐശ്വര്യ റായ് തീര്‍ത്തും രാജകീയ ലുക്കില്‍ കാണപ്പെട്ടു. താരത്തിന്‍റെ സ്യൂട്ട് പൂർണമായും സ്വർണ നിറത്തിലുള്ള എംബ്രോയിഡറി വർക്ക് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒരു ചെറിയ വൃത്താകൃതിയിലുള്ള പൊട്ടും ഐശ്വര്യ അണിഞ്ഞിരുന്നു. അത് താരത്തിന്‍റെ ലുക്കിനെ കൂടുതല്‍ മനോഹരമാക്കി.
പൊന്നിയിന്‍ സെല്‍വന്‍ 2 പ്രൊമോഷന്‍ പരിപാടിയിൽ നിന്നുള്ള ഐശ്വര്യയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചടങ്ങിൽ 'പൊന്നിയിൻ സെൽവൻ' ടീമിനെ സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് താരം നന്ദിയും രേഖപ്പെടുത്തി.
'നിങ്ങളുടെ പിന്തുണയ്ക്കും അഭിനന്ദനത്തിനും നന്ദി. ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകിയ അവിശ്വസനീയമായ പ്രതികരണങ്ങളെ ഞങ്ങൾ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. ഏപ്രിൽ 28ന് പൊന്നിയിന്‍ സെല്‍വന്‍ കാണാൻ നിങ്ങൾ ഓരോരുത്തരും ഒരു പോലെ ആവേശഭരിതരാണ്. വളരെ നന്ദി. എന്നാൽ ആദ്യം ഞാൻ മണി ഗാരുവിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. എന്‍റെ മണി ഗാരു' -ഐശ്വര്യ റായ് പറഞ്ഞു.
നേരത്തെ പൊന്നിയിന്‍ സെല്‍വന്‍ ട്രെയിലര്‍ റിലീസ് ചെയ്‌തിരുന്നു. ട്രെയിലർ ലോഞ്ചിൽ, പൊന്നിയിൻ സെൽവനോടുള്ള സ്നേഹം ചൊരിഞ്ഞ പ്രേക്ഷകർക്ക് ഐശ്വര്യ റായ് നന്ദി രേഖപ്പെടുത്തിയിരുന്നു. 'നിങ്ങൾ ഞങ്ങൾക്ക് വളരെയധികം സ്‌നേഹവും അഭിനന്ദനവും നൽകി. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ശരിക്കും സംതൃപ്‌തരാണ്. ഞങ്ങൾ നിങ്ങളെ എല്ലാം വളരെ അധികം സ്‌നേഹിക്കുന്നു.
പൊന്നിയിന്‍ സെല്‍വന്‍ 2ലെ ഞങ്ങളുടെ പ്രവർത്തനങ്ങളെ വളരെ അധികം അഭിനന്ദിച്ചതിന് നന്ദി. ഇവിടെയുള്ള തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങൾക്ക് സ്നേഹം നൽകുകയും ഞങ്ങളുടെ ടീമിന്‍റെ പ്രയത്നങ്ങൾ ആസ്വദിക്കുകയും ചെയ്‌ത രാജ്യത്തും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കും നന്ദി. 'പൊന്നിയിൻ സെൽവൻ 2'ന് ഞങ്ങൾക്ക് അത്തരമൊരു ആവേശം ലഭിച്ചു' -ഇപ്രകാരമായിരുന്നു ഐശ്വര്യ റായിയുടെ നന്ദി പ്രകടനം.
'പൊന്നിയിന്‍ സെല്‍വനി'ല്‍ ചെയ്‌ത അതേ വേഷം തന്നെയാണ് 'പൊന്നിയിൻ സെൽവൻ 2'ലും ഐശ്വര്യ റായ് അവതരിപ്പിക്കുക. എഴുത്തുകാരന്‍ കൽക്കി കൃഷ്‌ണമൂർത്തിയുടെ തമിഴ് നോവലിന്‍റെ സിനിമാറ്റിക് അഡാപ്റ്റേഷനായിരുന്നു 'പൊന്നിയിന്‍ സെല്‍വന്‍ 1'. ചിത്രത്തില്‍ വിക്രമാണ് ഐശ്വര്യയുടെ നായകനായെത്തുന്നത്. ഇത് മൂന്നാം തവണയാണ് ഐശ്വര്യയും വിക്രമും ഒന്നിച്ചെത്തുന്നത്. 2010ൽ പ്രേക്ഷക നിരൂപക പ്രശംസ നേടിയ 'രാവൺ' എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചെത്തിയത്.
അരുൾമൊഴി വർമനെയും ചോള സാമ്രാജ്യത്തിലെ ഏറ്റവും വലിയ ഭരണാധികാരിയായ രാജരാജ ചോളൻ ഒന്നാമനാകാനുള്ള അദ്ദേഹത്തിന്‍റെ യാത്രയെയും കേന്ദ്രീകരിച്ചാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2' ഒരുക്കിയിരിക്കുന്നത്. മണിരത്‌നമാണ് പൊന്നിയിന്‍ സെല്‍വന്‍ ഒന്നും രണ്ടും ഭാഗങ്ങൾ സംവിധാനം ചെയ്‌തിരിക്കുന്നത്.
രണ്ടാം ഭാഗത്തിലും ആദിത്യ കരികാലന്‍റെ (വിക്രം) ഫ്ലാഷ്ബാക്കിലൂടെ ചിത്രം കഥ പറയുന്നുമെന്ന് സൂചിപ്പിക്കുന്നു. ഐശ്വര്യ അവതരിപ്പിക്കുന്ന ഊമൈ റാണിയും പൊന്നിയിൻ സെൽവനും തമ്മിലുള്ള ബന്ധവും 'പൊന്നിയിന്‍ സെല്‍വന്‍ 2'ല്‍ വെളിപ്പെടുത്തും. ഐശ്വര്യയെയും വിക്രത്തെയും കൂടാതെ കാർത്തി, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്‌മി, ലാൽ, ശോഭിത ധുലിപാല എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Also Read:ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഐശ്വര്യ; ആവേശമുയര്‍ത്തി പൊന്നിയിന്‍ സെല്‍വന്‍ 2 ട്രെയിലര്‍