ബെംഗളൂരു :കോറമംഗലയിലെ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്നുവീണ് എയർഹോസ്റ്റസ് മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍. എയർഹോസ്റ്റസിന്റെ മാതാപിതാക്കളുടെ പരാതിയില്‍ യുവതിയുടെ മുൻ കാമുകനും കാസര്‍കോട് സ്വദേശിയുമായ ആദേശിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കോറമംഗല പൊലീസ് സാഹചര്യത്തെളിവുകളും ശാസ്ത്രീയ - സാങ്കേതിക തെളിവുകളും ശേഖരിച്ചുവരികയാണ്.
സംഭവം നടന്നതിങ്ങനെ :എയർ ഹോസ്റ്റസ് അർച്ചന ധിമാൻ (28) ആണ് ദുരൂഹ സാഹചര്യത്തില്‍ ഞായറാഴ്ച മരിച്ചത്. ഒരു പ്രമുഖ എയർലൈൻ കമ്പനിയിൽ എയർ ഹോസ്റ്റസായി ജോലി ചെയ്യുകയായിരുന്നു അർച്ചന. നഗരത്തിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരനാണ് ആദേശ്. ഹിമാചൽ പ്രദേശിൽ നിന്നുള്ള അർച്ചന ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഐടി കമ്പനി ജീവനക്കാരനായ ആദേശിനെ പരിചയപ്പെടുന്നത്.
ഇരുവരും തമ്മിലുള്ള അടുപ്പം പിന്നീട് പ്രണയമായി മാറുകയായിരുന്നു. പിന്നീട് പല കാരണങ്ങളാല്‍ ആറുമാസം മുമ്പ് ഇവർ ബന്ധം ഉപേക്ഷിക്കുകയും പിരിയുകയും ചെയ്തു. തന്നിൽ നിന്ന് മാറി നിൽക്കാൻ അർച്ചന ആദേശിന് മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ ആദേശിനെ കാണാൻ ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ നിന്ന് അർച്ചന ബാംഗ്ലൂരിൽ എത്തുകയായിരുന്നു. ശനിയാഴ്ച ആദേശും അർച്ചനയും തമ്മിൽ വഴക്കുണ്ടായി. കണ്ടുമുട്ടിയപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.