മുംബൈ :ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും അറസ്റ്റിൽ. മുംബൈയിലെ അംബോലി പ്രദേശത്താണ് ബാങ്കിലെ അസിസ്റ്റന്‍റ് ജനറൽ മാനേജരായ ഭർത്താവിനെ ഭാര്യയും മകനും ചേർന്ന് വകവരുത്തിയത്. സന്താനകൃഷ്ണൻ ശേഷാദ്രി(58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ജയഷീല ശേഷാദ്രി(52), മകൻ അരവിന്ദ് ശേഷാദ്രി(26) എന്നിവരെ അംബോലി പൊലീസ് അറസ്റ്റ് ചെയ്‌തു.
വീര ദേശായി റോഡിലെ ഏഴാം നിലയിലെ അപ്പാർട്ട്മെന്‍റിൽ നിന്ന് തള്ളിയിട്ടാണ് പ്രതികൾ കൊല നടത്തിയത്. വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം. ഏഴാം നിലയിൽ നിന്ന് ചാടി ശേഷാദ്രി ആത്മഹത്യ ചെയ്‌തതായി ക്വാർട്ടേഴ്‌സിലെ താമസക്കാരിൽ ഒരാൾ വെള്ളിയാഴ്‌ച പുലർച്ചെ പൊലീസിനെ വിവരമറിയിച്ചു.
തുടർന്ന് നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ട സന്താനകൃഷ്‌ണന്‍റെ കൈയിൽ മുറിവുകൾ കണ്ടെത്തി. കിടപ്പുമുറിയിൽ രക്തക്കറയുമുണ്ടായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.