ലഖ്‌നൗ :ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ വംശീയ ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഡ്‌നി കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ ആഗ്ര സ്വദേശി ശുഭം ഗാര്‍ഗിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഓസ്‌ട്രേലിയയിൽ വംശീയ ആക്രമണം ; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
വംശീയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആഗ്ര സ്വദേശിയായ വിദ്യാര്‍ഥി സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്
ഒക്‌ടോബര്‍ ആറിനായിരുന്നു സംഭവം. കോളജ് വിട്ട് ഹോസ്റ്റല്‍ മുറിയിലെത്തിയപ്പോഴാണ് സഹവിദ്യാര്‍ഥികള്‍ ശുഭത്തെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ 11 മുറിവുകളുണ്ട്. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശുഭത്തിന്‍റെ പരിപാലനത്തിന് സൗകര്യം ഒരുക്കണമെന്ന കുടുംബത്തിന്‍റെ ആവശ്യം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ശുഭത്തിന്‍റെ സഹോദരന് ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ സൗകര്യമൊരുക്കുകയായിരുന്നു.
പിതാവ് രാംനിവാസ് ഗാര്‍ഗ് ഫത്തേപൂരിലെ ബിജെപി എംപിയായ സിക്രി രാജ്‌കുമാറിനോട് സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് നടപടി. സിക്രി രാജ്‌കുമാർ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറിനെ വിവരം ധരിപ്പിക്കുകയും ശുഭത്തിന്‍റെ സഹോദരന്‍ രോഹിത് ഗാർഗിന് ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ വിസ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.