ഗ്വാളിയോര്‍: ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യൻ മണ്ണില്‍ നിന്നും വിട പറഞ്ഞ, ചീറ്റ വീണ്ടും. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നുള്ള ചീറ്റകളെ ഇന്ന് രാവിലെയാണ് ഇന്ത്യയിലെത്തിച്ചത്. രാവിലെ പതിനൊന്നരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ കുനോ നാഷണല്‍ പാർക്കിലേക്ക് ചീറ്റകളെ തുറന്നു വിട്ടു.
ഏഴു പതിറ്റാണ്ടിന് ശേഷം ചീറ്റ ഇന്ത്യയില്‍: കുനോ ദേശീയോദ്യാനത്തില്‍ തുറന്നു വിട്ടു
എട്ട് ചീറ്റകളെയും വഹിച്ചുള്ള പ്രത്യേക ചരക്ക് വിമാനം ഇന്ന് രാവിലെയാണ് വ്യോമസേനയുടെ ഗ്വാളിയറിലെ വിമാനത്താവളത്തില്‍ ഇറങ്ങിയത്
അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് ഇന്ത്യയിലെത്തിച്ചത്. രണ്ട് മുതല്‍ അഞ്ച് വരെ വയസുള്ളവയാണ് പെണ്‍ ചീറ്റകള്‍. ആണ്‍ ചീറ്റകള്‍ 4.5 മുതല്‍ 5.5 വരെ വയസുള്ളവയാണ്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്.
മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര. ഡോക്ടർമാരടക്കം വിദഗ്ധ സംഘവും കൂടയുണ്ടായിരുന്നു. ക്വാറന്റീൻ ഏരിയയിലാണ് ആദ്യം ചീറ്റകളെ തുറന്ന് വിടുക. മുപ്പത് ദിവസം ഈ പ്രത്യേക സംവിധാനത്തിൽ കഴിഞ്ഞ ശേഷമാണ് കൂനോയിലെ പുൽമേടുകളിലേക്ക് ഇവയെ സ്വൈര്യ വിഹാരത്തിനായി വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭൂഖണ്ഡാനന്തര ചീറ്റ കൈമാറ്റ പദ്ധതിയുടെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 1952ല്‍ ചീറ്റകള്‍ക്ക് ഇന്ത്യയില്‍ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.