കേരളം

kerala

ETV Bharat / bharat

ചരിത്രനേട്ടവുമായി ഐഎസ്ആര്‍ഒ; ലാഗ്രാഞ്ച് പോയിന്‍റിലെത്തി ആദിത്യ എല്‍1, അഭിമാന നിമിഷം

Aditya-L1 : സൂര്യനെ കുറിച്ച് പഠിക്കാന്‍ 2023 സെപ്‌റ്റംബര്‍ 2ന് കുതിച്ചുയർന്ന ആദിത്യ എല്‍1 പേടകം അന്തിമ ഭ്രമണപഥത്തിൽ

Aditya L1  ആദിത്യ എല്‍ 1  ഐഎസ്ആര്‍ഒ  ISRO
Aditya-L1

By ETV Bharat Kerala Team

Published : Jan 6, 2024, 4:17 PM IST

Updated : Jan 6, 2024, 7:24 PM IST

ഹൈദരാബാദ് :ആ യാത്ര ഒടുവിൽ ലക്ഷ്യസ്ഥാനത്ത്. ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ-എല്‍1 ലക്ഷ്യസ്ഥാനമായ ലാഗ്രാഞ്ച് പോയിന്‍റിൽ (എല്‍1) എത്തി (Aditya-L1 reached final orbit today). ഇനി ലാഗ്രാഞ്ച് പോയിന്‍റില്‍ നിന്നുകൊണ്ട് അടുത്ത അഞ്ചുവര്‍ഷ കാലത്തേക്ക് ആദിത്യ എല്‍1 എന്ന ഇന്ത്യന്‍ ബഹിരാകാശ പേടകം സൂര്യനെ നേര്‍ക്കുനേര്‍ വീക്ഷിക്കും.

സൂര്യ ഭൗമ വ്യവസ്ഥയിലെ അഞ്ച് ലാഗ്രാഞ്ച് പോയിന്‍റുകളില്‍ ആദ്യത്തേതിന് ചുറ്റുമുള്ള ഭ്രമണപഥമായ 'ഹലോ ഓര്‍ബിറ്റി'ലാണ് പേടകം പ്രവേശിച്ചത് എന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തിന്‍റെ അഭിമാന നേട്ടം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചു. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് ഇതോടെ വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്.

ഇന്ന് വൈകിട്ടു 4 മണിയോടെയാണ് പേടകം അവസാന കടമ്പയായ ഭ്രമണപഥമാറ്റം വിജകരമായി പൂർത്തിയാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജൻസിയായി ഐഎസ്ആർഒ മാറി. സൂര്യന്‍, ഭൂമി എന്നിവയുടെ ഗുരുത്വാകര്‍ഷണ സ്വാധീനം കൂടുതല്‍ അനുഭവപ്പെടുന്ന ഇടങ്ങളാണ് ലാഗ്രാഞ്ച് പോയിന്‍റുകള്‍.

ഭൂമിയില്‍ നിന്നും 15 ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ താണ്ടിയാണ് പേടകം ലക്ഷ്യ സ്ഥാനത്ത് എത്തിയത്. മറ്റ് ലാഗ്രാഞ്ച് പോയിന്‍റുകളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമായ പോയിന്‍റ് കൂടിയാണ് എല്‍1. ആദിത്യ എല്‍1 ഹലോ ഓര്‍ബിറ്റിലേക്ക് പ്രവേശിച്ചതോടെ സൂര്യനെ വിവിധ കോണുകളില്‍ നിന്നും കാണാനുള്ള അവസരം കൂടിയാണ് ഒരുങ്ങിയത്.

അതേസമയം പേടകത്തെ കൂടുതല്‍ സമയം മേഖലയില്‍ നിലനിര്‍ത്തുക എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും (Aditya-L1). പേടകത്തില്‍ ഘടിപ്പിച്ചിട്ടുള്ള പ്രധാന ഉപകരണങ്ങളെ സൂര്യന്‍റെ തീവ്രതയേറിയ രശ്‌മികളില്‍ നിന്നും സംരക്ഷിക്കുകയെന്നതും ഏറെ ആയാസകരമായ ദൗത്യമാണ് (Aditya-L1 Reaches Its Destination).

2023 സെപ്‌റ്റംബര്‍ 2നാണ് സൂര്യനെ കുറിച്ച് പഠിക്കാന്‍ ആദിത്യ എല്‍1 പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയർന്നത്. പ്രയാണം ആരംഭിച്ച് സെപ്‌റ്റംബര്‍ 18 ആയപ്പോൾ തന്നെ പേടകം സൂര്യനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നല്‍കി തുടങ്ങിയിരുന്നു. ഇപ്പോഴിതാ വിക്ഷേപിച്ച് 126 ദിവസങ്ങള്‍ക്ക് ശേഷമാണ് പേടകം അന്തിമ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത് (Aditya L1 Reached L1 Point Today).

അഞ്ചു വർഷം ഇവിടെ തുടർന്ന് സൂര്യനെക്കുറിച്ച് പഠിക്കുകയാണ് ഈ ദൗത്യം ലക്ഷ്യം വയ്‌ക്കുന്നത്. അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാൻഡുകളിലൂടെ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥമാറ്റം നടത്തിയത്. സൂര്യനും ഭൂമിക്കും ഇടയിൽ ഇവ രണ്ടിന്‍റെയും സ്വാധീനം തുല്യമായ എൽ1 ബിന്ദുവിലെ പ്രത്യേക സാങ്കൽപിക ഭ്രമണപഥത്തിൽ എത്തിയതോടെ ഇനി അധികം ഇന്ധനം ഉപയോഗിക്കാതെ ദീർഘകാലത്തേക്ക് പേടകത്തെ അവിടെ നിലനിർത്താൻ കഴിയും.

Last Updated : Jan 6, 2024, 7:24 PM IST

ABOUT THE AUTHOR

...view details