ബെംഗളൂരു : സൂര്യനെ പഠിക്കാൻ ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ (India's First Solar Mission) ആദിത്യ എൽ 1 (Aditya L1) ഇന്ന് കുതിച്ചുയരും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡിൽ നിന്ന് ഇന്ന് രാവിലെ 11:50 നാണ് വിക്ഷേപണം. വിക്ഷേപണ റിഹേഴ്‌സലും പേടകത്തിന്‍റെ പരിശോധനയും പൂർത്തിയായതോടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (Indian Space Research Organization) രാജ്യത്തിന്‍റെ ആദ്യ സൂര്യ ദൗത്യത്തിന് സജ്ജമായി കഴിഞ്ഞു.
പിഎസ്‌എൽവി സി57 (PSLV C57) റോക്കറ്റാണ് പേടകത്തെ വഹിക്കുന്നത്. സൂര്യനെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി ഏഴ് വ്യത്യസ്‌ത പേലോഡുകളാണ് (Payloads of Aditya L1) പേടകത്തിലുള്ളത്. ഇതിൽ നാലെണ്ണം സൂര്യനിൽ നിന്നുള്ള പ്രകാശം നിരീക്ഷിക്കുകയും മറ്റ് മൂന്ന് പേലോഡുകൾ പ്ലാസ്‌മയുടെയും കാന്തികക്ഷേത്രങ്ങളുടെ ഇൻ-സിറ്റു പാരാമീറ്ററുകൾ അളക്കുകയും ചെയ്യും.
വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (VELC), സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (SUIT), സോളാർ ലോ എനർജി എക്‌സ് -റേ സ്‌പെക്‌ട്രോമീറ്റർ (SoLEX), ഹൈ എനർജി എൽ1 ഓർബിറ്റിങ് സ്‌പെക്‌ട്രോമീറ്റർ (HEL1OS), പ്ലാസ്‌മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (PAPA), ആദിത്യ സോളാർവിൻഡ് ആൻഡ് പാർട്ടിക്കിൾ എക്‌സ്‌പിരിമെന്‍റ് (ASPEX), മാഗ്‌നെറ്റോമീറ്റർ (MAG) എന്നിവയാണ് ഈ ഏഴ് പേലോഡുകൾ. ഇന്നലെ ഉച്ചോടെയാണ് ആദിത്യ എൽ 1 ന്‍റെ കൗൺഡൗൺ ആരംഭിച്ചത്.