ന്യൂഡല്‍ഹി : യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്‌റ്റ്‌മെന്‍റ് റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുത്ത് അദാനി ഗ്രൂപ്പ്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് കാരണം ആദാനി ഗ്രൂപ്പിന്‍റെ ഓഹരി വിലയില്‍ വലിയ തകര്‍ച്ച സംഭവിച്ചിരുന്നു. യാതൊരു വിധത്തിലുള്ള പഠനത്തിന്‍റെ പിന്തുണയില്ലാത്തതും മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ് റിപ്പോര്‍ട്ടെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു.
ജനുവരി 24ന് പുറത്തുവിട്ട റിപ്പോര്‍ട്ട് തങ്ങളുടെ ഓഹരി ഉടമകളെ പ്രതികൂലമായി ബാധിച്ചുവെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. അദാനി ഗ്രൂപ്പിന്‍റെ ഓഹരി വില ഇടിഞ്ഞാല്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാകുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നേരത്തേതന്നെ സമ്മതിച്ച കാര്യമാണ്. തങ്ങളെ കരിവാരിത്തേച്ച് തങ്ങളുടെ ഓഹരി ഉടമകളെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള വിദേശ സ്ഥാപനത്തിന്‍റെ നടപടിയില്‍ തങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്.