ന്യൂഡൽഹി : പ്രമുഖ ദേശീയ വാര്‍ത്താചാനലായ എന്‍ഡിടിവിയുടെ (New Delhi Television) 30 ശതമാനത്തിനടുത്ത് ഓഹരി സ്വന്തമാക്കിയതായി അദാനി ഗ്രൂപ്പ്. ഇതിനൊപ്പം, 493 കോടിയ്‌ക്ക് അധിക ഓഹരിയായ 26 ശതമാനം കൂടി വാങ്ങാന്‍ വാഗ്‌ദാനം മുന്നോട്ടുവച്ചതായും അദാനി ഗ്രൂപ്പ് മാധ്യമങ്ങളെ അറിയിച്ചു.
എന്‍ഡിടിവിയുടെ 30 ശതമാനത്തിനടുത്ത് ഓഹരി അദാനിക്ക്, 26 ശതമാനംകൂടി വാങ്ങാമെന്ന് വാഗ്‌ദാനം - Indian billionaire Adani set to control NDTV
30 ശതമാനത്തിനടുത്ത് ഓഹരി സ്വന്തമാക്കിയതിന് പുറമെയാണ് 493 കോടിക്ക് 26 ശതമാനം ഓഹരി കൂടി വാങ്ങാമെന്ന് അദാനി ഗ്രൂപ്പ് എന്‍ഡിടിവിയെ അറിയിച്ചത്
അധികമായി ഓഹരി ഏറ്റെടുത്താല്‍ അദാനിക്ക് ആകെ 55 ശതമാനത്തിലധികം ഓഹരികള്‍ ലഭിക്കും. ഇതോടെ, മാധ്യമ സ്ഥാപനം പൂര്‍ണമായും അദാനിയുടെ നിയന്ത്രണത്തിലാവും. അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് 29.18 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതെന്നാണ് ഔദ്യോഗിക വിവരം.
എന്നാല്‍, എന്‍ഡിടിവി സ്ഥാപക മാധ്യമപ്രവര്‍ത്തകരായ പ്രണോയ് റോയിയും രാധിക റോയിയും ഓഹരി വില്‍പന സംബന്ധിച്ച ചര്‍ച്ചകളിലില്ലെന്നാണ് ചാനലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഉടമസ്ഥാവകാശം മാറ്റുന്നത് സംബന്ധിച്ചോ ഓഹരികൾ വിറ്റഴിക്കുന്നതിനോ വേണ്ടി ഒരു സ്ഥാപനവുമായും സംസാരിച്ചിട്ടില്ല. എൻഡിടിവിയുടെ പ്രമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ഓഹരി മൂലധനമായ 61.54% കൈവശം വയ്ക്കുന്നത് തുടരുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.