ചെന്നൈ: ഏറെ ചർച്ചകൾക്ക് വഴിവച്ചതായിരുന്നു നടൻ രജനികാന്തിന്‍റെ രാഷ്‌ട്രീയ പ്രവേശന വിഷയം. എന്നാൽ അതിന് കാത്തിരുന്നവർക്ക് നിരാശയായിരുന്നു ഫലം. അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നടക്കം പിന്‍വാങ്ങുകയാണുണ്ടായത്. ഇതിന്‍റെ കാരണം വശദീകരിച്ചിരിക്കുകയാണ് സ്റ്റൈല്‍ മന്നന്‍.
ദുർബലമായ ആരോഗ്യമാണ് അതിന് കാരണമെന്നും എറെ നാളായി വൃക്കരോഗ ബാധിതനാണെന്നുമായിരുന്നു നടന്‍റെ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്‍റെ കടുത്ത ആരാധകർക്ക് മാത്രമല്ല ബിജെപിക്കും അക്കാര്യം നിരാശ നൽകുന്നതായിരുന്നു. രജനികാന്ത് ബിജെപിയിൽ ചേരുമെന്നും അല്ലെങ്കില്‍ പാര്‍ട്ടിയുണ്ടാക്കി അവരുമായി സഖ്യത്തിലേര്‍പ്പെടുമെന്നും നേരത്തെ പ്രചരിച്ചിരുന്നു. ഇത് സംസ്ഥാനത്ത് ബിജെപിക്ക് നല്ല സാധ്യതകള്‍ക്ക് വഴിതുറക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ കണക്കുകൂട്ടിയിരുന്നു.
Also Read:'അത് 15 കോടിയ്ക്കുവേണ്ടി' ; ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക്കിനെ തന്‍റെ ഭർത്താവ് കൊന്നതാണെന്ന് യുവതി
യുഎസിൽ നടത്തിയ വൃക്ക മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം തന്‍റെ രാഷ്ട്രീയ അഭിലാഷങ്ങൾ എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവന്നുവെന്ന് രജനികാന്ത് പറയുന്നു. 'ഞാൻ രാഷ്‌ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ തയ്യാറായിരുന്നു, അത് ജനങ്ങളോടുള്ള എന്‍റെ പ്രതിബദ്ധതയായിരുന്നു. എന്നാൽ ഇതിനിടയിൽ ഞാൻ ഒരു വൃക്ക മാറ്റിവയ്ക്കലിന് വിധേയനായി, രോഗാവസ്ഥ എന്‍റെ പ്രതിരോധശേഷി നഷ്‌ടപ്പെടുത്തി.
തുടർന്ന് കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗവുമുണ്ടായി. ഞാൻ ഡോക്‌ടറുമായി കൂടിയാലോചിച്ചപ്പോൾ, എല്ലാവരിൽ നിന്നും 10 അടി സുരക്ഷിതമായ അകലം പാലിക്കേണ്ടതും മാസ്‌ക് ധരിക്കേണ്ടതും നിർബന്ധം ആയതിനാൽ എന്‍റെ രാഷ്ട്രീയ പ്രവേശനത്തെ അദ്ദേഹം ശക്തമായി എതിർത്തു. രാഷ്‌ട്രീയ പ്രചാരണത്തിലും റാലികളിലും റോഡ് ഷോകളിലും സുരക്ഷിതമായ അകലം പാലിക്കാൻ കഴിയുമോ? മാധ്യമങ്ങളോടും എന്‍റെ ആരാധകരോടും എന്‍റെ നിലവിലെ അവസ്ഥ വിശദീകരിക്കാൻ ഡോ. രവിചന്ദർ അനുവദിച്ചതിനാലാണ് ഞാനിപ്പോൾ ഈ കാര്യങ്ങൾ സംസാരിക്കുന്നത്' - രജനികാന്ത് പറഞ്ഞു.
Also Read: ലോക്‌ഡൗൺ ഭീകരത പുനരാവിഷ്‌കരിച്ച് രാജ്‌കുമാർ റാവുവിൻ്റെ 'ഭീഡ്', ട്രെയിലര്‍ ശ്രദ്ധേയം
'2010ൽ ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയ ദിവസം എന്‍റെ ജീവിതത്തിലെ ഭാഗ്യദിനമായിരുന്നു. ഞാൻ ചികിത്സയിലായിരുന്ന മുൻ ആശുപത്രി തൃപ്‌തികരമായിരുന്നില്ല. എന്‍റെ വൃക്കയുടെ 60 ശതമാനവും തകരാറിലാണെന്ന് അദ്ദേഹം കണ്ടെത്തി. തുടർന്ന്, യുഎസിലെ മയോ ക്ലിനിക്കിൽ വൃക്ക ട്രാൻസ്‌പ്ലാന്‍റ് ചെയ്യാൻ പോകാൻ അദ്ദേഹം നിർദേശിച്ചു. ഞാൻ ഒരു സെലിബ്രിറ്റി ആയതിനാൽ നാട്ടിൽ ശസ്‌ത്രക്രിയ ചെയ്‌താൽ പ്രശ്‌നങ്ങളുണ്ടാകും, അതിനാൽ വിദേശത്തേക്ക് പോകാൻ അദ്ദേഹം സമ്മർദം ചെലുത്തുകയായിരുന്നു' - രജനി പറഞ്ഞു.
രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്നതിനെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നു. കൂടാതെ ചലച്ചിത്രതാരവും എഐഎഡിഎംകെ സ്ഥാപകനുമായ എംജി രാമചന്ദ്രന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 17 ന് മധുരൈയിൽ ഒരു വലിയ സമ്മേളനം നടത്താനും പദ്ധതിയുണ്ടായിരുന്നു. ഇതെല്ലാം ഉപേക്ഷിക്കേണ്ടി വന്നതായും രജനികാന്ത് പറയുന്നു. രാഷ്ട്രീയത്തിലേക്കില്ലെന്ന് വെളിപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ആരാധകരും ബിജെപിയും നിരാശരായി. എന്നാല്‍ തീരുമാനത്തെ ഡിഎംകെ ഉൾപ്പടെയുള്ള ചില കക്ഷികള്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്.